വിപ്ലവം

വിപ്ലവം.
................

ഇന്ന് നാം കാണും
സൗഭാഗ്യമെല്ലാം,
എങ്ങനെ വന്നു -
വെന്നോർമ്മയുണ്ടോ,

സൂര്യനും ചന്ദ്രനും
ദൈവങ്ങളും,
അന്നുമിതുപോലെ
തന്നെയുണ്ട്,

മലയാളനാട്ടിലെ
പാവങ്ങൾക്ക്,
സുഖമെന്നതന്ന്
കിനാവ് മാത്രം,

പകലന്തിയോളം
പണിഞ്ഞെന്നാലും,
കൂലി ചോദിക്കുവാൻ
മാർഗ്ഗമില്ല,

ചേറിൽ, വെയിലേറ്റ്
വീണെന്നാലും,
തണലിലിരിക്കുവാൻ
യോഗമില്ല,

മോടിയാം മുണ്ടുകൾ
നെയ്യുന്നോനും,
നാണം മറയ്ക്കുവാൻ
തോർത്ത് മാത്രം,

പെണ്ണിന്റെ മാറ്
മറച്ചീടുവാൻ,
തമ്പുരാനന്നും
കനിഞ്ഞതില്ല,

അക്ഷരമൊന്നും
പഠിച്ചുകൂടാ,
ചുറ്റമ്പലത്തിൽ
കടക്കവയ്യാ,

കന്നാലിയേക്കാൾ
നികൃഷ്ടരായി,
മാനവജാതി
പുലർന്ന നാട്.

പിന്നീട്,

പുത്തനാമാശയം
നാമ്പെടുത്തു,
ചിന്തതൻ ലോകം
വിശാലമായി,

താപസശ്രേഷ്ഠരും
രാഷ്ട്രീയവും,
നാടിനെയാകെ
നവീകരിച്ചു,

സാമൂഹ്യമാറ്റം
കൊതിച്ച ധന്യർ,
രക്തം ചൊരിഞ്ഞും
പട പൊരുതി,

പുത്തൻ മനുഷ്യരായ്
പാവങ്ങളും,
സ്വത്വാഭിമാനം
പിടിച്ചു വാങ്ങി,

നാടിന്റെ മാനസം
ശുദ്ധമായി,
തുല്യതയെന്നത്
സത്യമായി,

ആശയവിപ്ലവം
വന്നു നാട്ടിൽ,
സംസ്കാരവിപ്ലവം
പൂവണിഞ്ഞു,

ദൈവത്തിൻ നാടെന്ന
കീർത്തിമുദ്ര,
നാടിന്റെ നവ്യമാം
നാമമായി,

ഇന്നിൻ സുഖത്തിൽ
രമിച്ചിടുമ്പോൾ,
ഓർക്കണം നാടിൻ
ചരിത്രമെന്നും,

സൂര്യനും ചന്ദ്രനും
ദൈവങ്ങളും,
ഇന്നുമതുപോലെ
തന്നെയുണ്ട്.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി