എൻ മണിമാരനെക്കാണുവോളം

എൻ മണിമാരനെക്കാണുവോളം .....
................................

മാന്തളിർപ്പൂക്കൾ -
ക്കിടയിലൂടെ,
മാനത്തെയമ്പിളി
പുഞ്ചിരിക്കെ,

മാരന്റെ മാറില -
മർന്നുകൊണ്ട്,
പാടി ഞാനെത്രയോ
പ്രേമഗാനം,

താളം പിടിച്ചു നീ -
യെന്നുടലിൽ,
മാനത്തെ താരകൾ
നോക്കിനിൽക്കെ,

നെഞ്ചിലെ സ്നേഹം
പുഴകളായി,
കായലിൻ ഹൃത്തിൽ
ലയിച്ചുചേർന്നു.

ഓമനക്കുട്ടനെ -
യോമനിച്ച്,
ആത്തളിർ നെറ്റി -
യിലുമ്മവച്ച്,

പ്രണയമിഴിയാൽ
തഴുകിയെന്നെ,
മൗനമൊഴിയാൽ
നീ യാത്ര ചൊല്ലി,

നന്നേ പുലർച്ചയ്ക്ക്
പോയതല്ലേ,
മത്സ്യവും തേടി നീ,
വഞ്ചിയുമായ്.

പിന്നീട്,

കാറും കോളും
നിറഞ്ഞു വാനിൽ,
കൂരിരുളെങ്ങും
പരന്നുവല്ലോ,

വർഷപാതത്താ -
ലിളകി കായൽ,
പേടിപ്പെടുത്തുന്ന
വൻതിരകൾ,

കാത്തുകൊള്ളേണമേ,
ദൈവങ്ങളേ,
എൻ ജീവനായക -
നെന്റെ പ്രാണൻ,

നേരമിരുട്ടിക്ക-
ഴിഞ്ഞുവല്ലോ,
എൻ പ്രിയനായകൻ
വന്നതില്ല,

പുഞ്ചിരി തൂകുന്ന
പൊന്നോമന,
അച്ഛനെക്കാണാൻ
കൊതിച്ചിരിപ്പൂ,

ഇന്നലെ ചൂടിയ
മുല്ലമാല,
വാടിക്കരിഞ്ഞ്
കിടപ്പതുണ്ട്,

ആളും കരിന്തിരി
എന്റെയുള്ളിൽ,
കണ്ണീരിൻ കായലാ -
യെൻ മാനസം,

നീറിപ്പുകയും
ഹൃദയമോടെ,
നേരം പുലരുവാൻ
കാത്തു ഞാനും.

ഇന്ന്,

മാനത്ത് വെട്ടം
തെളിഞ്ഞ നേരം,
താനേയിറക്കി
കൊതുമ്പുവള്ളം,

എങ്ങുപോയെങ്ങു -
പോയെന്റെ മാരൻ,
കാണുവതില്ലല്ലോ -
യെങ്ങുമെങ്ങും,

അന്നം തരുന്നോരു
കായലേ നീ,
മുന്നം ചതിച്ചതേ-
യില്ലയെന്നെ,

കായലിൻ മാറിലെ
കുഞ്ഞോളമേ,
ആരെത്തിരഞ്ഞ -
ങ്ങൊഴുകിടുന്നു,

സഖികളുമൊത്ത്
രസിച്ചുകൊണ്ട്,
നീയും നിൻ കാന്തനെ
തേടുകയോ,

കണ്ണനെത്തേടുന്ന
രാധയെപ്പോൽ,
നിൻ കടക്കണ്ണ്
തുടിച്ചിടുന്നു,

എൻമാരൻ കളിയാ-
ലൊളിച്ചുവെന്ന്,
മാരുതൻ നിന്നോട്
മന്ത്രിച്ചുവോ,

ഇടറുന്നു വാക്കുക-
ളെന്റെയുള്ളിൽ,
പതറുന്നുവുള്ളം
പരിഭ്രമത്താൽ,

എൻ മണിമാരനെ -
ക്കാണുവോളം,
ഒപ്പം വരുമോ നീ,
കുഞ്ഞോളമേ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി