ഓർമ്മമഴ

ഓർമ്മമഴ.
....................

ഇന്നീ നദിക്കരെ
നിന്നീടവെ,
കാർമുകിൽ നിഴ-
ലായി മൂടിയെന്നെ,

മഴമേഘമിറ്റിച്ച
നീർകണങ്ങൾ,
നെറ്റിമേൽ ചുംബിച്ചു
സ്നേഹമോടെ,

അടുത്തടുത്തെത്തുന്നു
വർഷാരവം,
വീശിയടിക്കുന്നു
ഈറൻകാറ്റ്,

നീർത്തി ഞാനെന്നുടെ
കാലൻകുട,
വൃദ്ധനാമെന്നുടെ
കൂട്ടുകാരൻ,

നന്നേ നരച്ചുപോയ്
കാലൻകുട,
എന്നുടെ ജീവിത -
മെന്നപോലെ,

ശീലക്കുടമേലെ
ജലകണങ്ങൾ,
താളം പിടിക്കുന്നു
ഭംഗിയായി,

കുളിച്ചു രസിക്കുന്നു
മാമരങ്ങൾ,
എങ്ങും തളിർക്കുന്നു
പുൽനാമ്പുകൾ,

നീലക്കടൽ പോലെ
വയലേലകൾ,
പൊട്ടിച്ചിരിക്കുന്നു
നിറയും പുഴ,

മഴകണ്ട് ഹൃദയം
നിറഞ്ഞ നേരം,
ബാല്യത്തിന്നോർമ്മ-
കൾ പെയ്തിറങ്ങി,

ചേമ്പിലക്കുടയിൽ
മുഖം മറച്ച്,
കൂട്ടരോടൊത്ത്
നടന്ന കാലം,

കടലാസ്സ് ബോട്ടുക-
ളോടിക്കുവാൻ,
പുത്തൻ ജലപാത
തീർത്ത കാലം,

മുങ്ങാംകുഴിയിട്ട്
മത്സരിക്കാൻ,
ഒന്നിച്ചു ചാടുന്നു
പുഴയിലേയ്ക്ക്,

വേഗത്തിൽ പായുന്ന
പുഴയിലൂടെ,
നീന്തിത്തിമിർക്കുന്നു
കൂട്ടരൊന്നായ്,

പാടുന്നു തവളകൾ
സംഘഗാനം,
മിന്നാമിനുങ്ങിന്റെ
സംഘനൃത്തം,

നാണം കുണുങ്ങിയാം
നീർപ്പാമ്പുകൾ,
പുല്ലുകൾക്കിടയിൽ
ഒളിച്ചിരിപ്പൂ,

സ്മരണകൾ മഴയായി
പെയ്തിറങ്ങെ,
ഒന്നു പിടഞ്ഞുപോയ്
മമഹൃദയം,

പോയ കാലത്തിന്റെ-
യോർമ്മക്കായി,
കണ്ണ് നനഞ്ഞു പോ-
യൊരു നിമിഷം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി