ബലിതർപ്പണം

ബലിതർപ്പണം.
...........................

ബലിതർപ്പണ -
ത്തിന്റെ നാളിലിന്ന്,
ഓർക്കാം പിതൃക്കളെ -
യാദരത്താൽ,

നിങ്ങളിൽ നിന്നും
ജനിച്ചുവല്ലോ,
ഭൂമിയിൽ വാഴുവാനീ
വപുസ്സ്,

പൂർവ്വമനസ്സിൻ
തുടർച്ചയല്ലോ,
നൂറ്റാണ്ട് പഴകു-
മെൻ മാനസവും,

എല്ലിലും പല്ലിലും
മജ്ജയിലും,
പാരമ്പര്യത്തിന്റെ
മുദ്രണങ്ങൾ,

മാറാത്ത രോഗത്തിൻ
വേരുകളോ,
നിങ്ങൾതൻ ശാപ -
വചനങ്ങളോ,

അച്ഛനുമമ്മയും
പൂർവ്വികരും,
പിന്നോട്ട് പിന്നോട്ട്
പോയിടുന്നു,

ഏകകോശത്തിലെ
ജീവനായി,
ജീവിതച്ചങ്ങല -
യങ്കുരിച്ചു,

ക്ഷിതി തന്നെ
ജീവന്റെയമ്മയായി,
താതനായ് സൂര്യന്റെ -
യൂർജ്ജവീര്യം,

ജലധിയിൽ മെല്ലെ
വളർന്നു ജീവൻ,
പചനം വരുത്തുവാൻ
ജoരാഗ്നിയും,

വായുവും കാലവു -
മാകാശവും,
ഇല്ലെങ്കിലെങ്ങുമേ
ജീവനില്ല,

പൂർവ്വികരേ നിങ്ങൾ
ദൂരെയല്ല,
ഓർമ്മയായ് വാഴുന്ന
ചിന്തനങ്ങൾ,

തെളിവുള്ള ചിന്തയും
കൂട്ടുമായി,
സ്നേഹമോടെന്നും
അനുഗ്രഹിക്കൂ,

തൃഷ്ണകളെന്നി-
ലൊടുങ്ങിടുമ്പോൾ,
നിങ്ങളും തൃപ്തരായ് -
ത്തീർന്നിടുന്നു,

നിസ്വാർത്ഥജീവിതം
ബലിതർപ്പണം,
ശാന്തമാം ജീവിതം
ബലിതർപ്പണം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി