കൂട്ടുകാർ
കൊച്ചിതൻ മണ്ണിൽ
നാമൊത്തുകൂടി
കായലിൻ തീരത്ത്
കൂടൊരുക്കി
ദേശാടനക്കിളിക്കൂ
ട്ടങ്ങളെപ്പോലെ
യിന്നീ മരച്ചോട്ടി
ലൊന്നിച്ചു നാം
ഭൂതകാലത്തിന്റെ
ബിന്ദുവിൽ നമ്മളെ
വിധിയുടെ പാശം
വരിഞ്ഞു കെട്ടി
എങ്ങോ പിറന്നവർ
എങ്ങോ വളർന്നവർ
വൈദ്യം പഠിക്കുവാൻ
കണ്ടുമുട്ടി
ആരോഗ്യവിജ്ഞാന
ക്ഷേത്രത്തിനുള്ളിൽ
നാമാനന്ദമോടെ
പഠിച്ചുയർന്നു
വാസന്തമോഹനപ്പൂ
വാടിപോലവെ
നിറമുള്ള പൂക്കളായ്
നാം വിടർന്നു
പൊട്ടിച്ചിരിച്ചു വഴക്കടിച്ചു
ചിലർ
പ്രണയമധുവുണ്ട്
മത്തരായി
പുത്തനാം വീഥി
തെളിച്ചു കൊണ്ട്
പഠനം കഴിഞ്ഞു നാം
വേർപിരിഞ്ഞു
ഭിന്നദേശങ്ങളിൽ
ആതുരവിദ്യതൻ
വർണ്ണ പതാകകൾ
നാട്ടി നമ്മൾ
കാലങ്ങളേറെ
കടന്നു പോയി
കോലങ്ങളെല്ലാം
മറന്നു പോയി
ഹൃദയത്തിൽ നൊമ്പര
പ്പൂവുകളിട്ടിട്ട്
ഇത്തിരി കൂട്ടുകാർ
മൺമറഞ്ഞു
നീർപ്പോള പോലെയീ
ജീവിതങ്ങൾ
നശ്വര ജീവിതം
സത്യമല്ലോ
സ്നേഹം പകരുവാൻ
സ്നേഹം നുകരുവാൻ
നാളുകളിനിയില്ല
യത്രയേറെ
ഒരുമിച്ച് കാണുവാൻ
മോഹമായി
ഒരുമിച്ച് കൂടുവാൻ
ദാഹമായി
കൊച്ചി തൻ മണ്ണിലാ
യൊത്തുകൂടി
ഈ കായലിൻ
തീരത്ത് കൂടൊരുക്കി
ഇത്തിരി നേരമാ
പോയ കാലത്തിന്റെ
മാധുര്യനൊമ്പരം
ഓർത്തെടുക്കാം
ഒന്നിച്ചിരിക്കാം
പാട്ടു പാടാം
കഥയില്ലാക്കഥയിന്ന്
ചൊല്ലിയാടാം
സുന്ദര ഭൂമിയിൽ
ഇനിയുള്ള നാളുകൾ
മോഹന സ്വപ്നങ്ങൾ
കണ്ട് നീങ്ങാം
ശോഭ ചൊരിയുന്ന
സൗഹൃദപ്പൂക്കളായ്
സ്നേഹസുഗന്ധം
പകർന്നു നൽകാം
Comments
Post a Comment