ഉരുൾപൊട്ടൽ

ചെകുത്താനിറങ്ങിയെൻ
ദൈവ നാട്ടിൽ
പ്രളയവും കൂട്ടായി
കൊണ്ടുവന്നു

പേമാരി പെയ്യുന്നു
ക്രൗര്യമോടെ
ഗർജ്ജിച്ചു പായുന്നു
പുഴകളെല്ലാം

പൊട്ടിത്തകർന്നു പോയ്
മാമലകൾ
മയിലാടുംകുന്നുകൾ
തോടുകളായ്

വെട്ടിയ തലമുടി
വീഴുമ്പോലെ
വീണു കിടക്കുന്നു
വന്മരങ്ങൾ

കൃഷിയിടം എല്ലാം
തരിശ്ശു പോലെ
കാണുവാനില്ലെങ്ങും
പാർപ്പിടങ്ങൾ

അമ്മയും കുഞ്ഞും
ഉറങ്ങുന്നോരും
ആലിംഗബദ്ധരാം
മിഥുനങ്ങളും

കൂട്ടിലെ കോഴിയും
ശ്വാനന്മാരും
അയവങ്ങിറക്കുന്ന
കാലികളും

നിമിഷാർദ്ധവേളയിൽ
ഞരക്കമോടെ
മണ്ണിൽ പുതഞ്ഞു
ജഡങ്ങളായി

നാട്ടിലായ് കാണും
ദുരന്തമെല്ലാം
ദുര മൂത്ത നമ്മൾ
വിതച്ചതല്ലേ

വീടൊന്ന് വയ്ക്കുവാൻ
പാറ വേണം
അകമൊന്ന് പണിയുവാൻ
തടികൾ വേണം

ഉല്ലാസയാത്രയ്ക്ക്
പാർത്തിടുവാൻ
കുന്നിൻ മുകളിലെ
കൂര വേണം

കുന്നിന്റെ പള്ള
തുരന്നു നമ്മൾ
കാട്ടിലെ തടികൾ
മുറിച്ചു മാറ്റി

കുന്നിന്റെ മാറിടം
വിണ്ടു കീറി
പാറകൾ പൊട്ടി
കുളങ്ങളായി

വേരോട്ടമില്ലാത്ത
മണ്മുകളിൽ
ഹോട്ടൽ സമുച്ചയം
തീർത്തു നമ്മൾ

മലയിലെ വന്മരം
വെട്ടി നീക്കി
ഏലവും മുളകും
വളർത്തി നമ്മൾ

നെഞ്ചകം പൊട്ടി
കരഞ്ഞൂ മല
കുന്നുകളൊന്നായ്
തകർന്നു വീണു

ഉരുൾപൊട്ടലായി
പഴിച്ചിടുന്നു
പ്രകൃതി തൻക്ഷോഭ
കൊടുങ്കാറ്റിനെ

നേരമായ് കൂട്ടരേ
നേരമായി
തെറ്റ് തിരുത്തുവാൻ
നേരമായി

കുന്നിന്റെ കുളിരാണ്
പുഴകളെല്ലാം
കുന്നിന്റെയമൃതാണ്
നദികളെല്ലാം

നദികളുണ്ടെങ്കിലേ
ജീവനുള്ളൂ
ജീവന്റെ നാഡികൾ
പുഴകളെല്ലാം

ഒഴുകുന്ന നേരമേ
പുഴകളുള്ളൂ
പുഴയെ തടുത്താൽ
പ്രളയമാകും

പ്രകൃതിയും നമ്മളും
ഒന്നു തന്നെ
പ്രകൃതിയില്ലെങ്കിലോ
നമ്മളില്ല

ഭൂമിയെ കാണണം
അമ്മയെപ്പോൽ
പ്രകൃതിയെ കാക്കണം
അമ്മയെപ്പോൽ

നേരമായ് കൂട്ടരേ
നേരമായി
ശരികളെ ചെയ്യുവാൻ
നേരമായി

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി