കരച്ചിൽ
കരച്ചിൽ.
....................
ഇരമ്പും കടൽപോലെ
ഇളകിത്തിളയ്ക്കുന്നു,
ഹൃദയത്തിനുള്ളിൽ
മഥിക്കുന്ന വേദന,
തള്ളിത്തുറക്കുന്നു
ഹൃദയത്തിൻ ഭിത്തികൾ,
ഒഴുക്കും ചുഴിയുമായ്
കലങ്ങിയ മാനസം,
കണ്ഠത്തിൽ പടരുന്നു
ശബ്ദമൗനങ്ങളായ്,
ഊക്കോടെ പായുന്ന
വികാരസ്സാഗരം,
തെച്ചിയെപ്പോലങ്ങ്
ചുവന്നു തുടുക്കുന്നു,
നീറിപ്പുകയുന്നൊരു
നേത്രപടലങ്ങളും,
നീർമണി മെല്ലെ,
തുളുമ്പുന്നു പീലിയിൽ,
പെയ്യാനൊരുങ്ങുന്ന
മേഘങ്ങൾ പോലവെ,
തുള്ളിക്കൊരു കുടം
പേമാരി പോലവെ,
പെയ്യുന്നു പെയ്യുന്നു
കണ്ണുനീർ ധാരയായ്.
Dr.Manoj.M.R.
Comments
Post a Comment