തിരുവോണപ്പുലരിയിൽ

തിരുവോണപ്പുലരിയിൽ ...
................................

മാവേലിത്തമ്പ്രാനെ-
യൊന്നു വണങ്ങുവാൻ,
മലയാളപ്പെണ്ണ്
കുളിച്ചൊരുങ്ങി,

പൊൻവെയിൽ നെയ്തൊരു
സ്വർണ്ണക്കസവിട്ട്,
തിരുവോണനാളി-
ലുടുത്തൊരുങ്ങി,

വർണ്ണസുമങ്ങളാൽ
പൂക്കളം തീർത്തല്ലോ,
ആവണിത്താലത്തിൽ
പെണ്ണൊരുത്തി,

പുഞ്ചിരി തൂകുന്നു
കാക്കപ്പൂവ്,
സ്വപ്നങ്ങൾ കാണുന്നു
കണ്ണാന്തളി,

ഓണക്കുലകളും
പച്ചക്കറികളും,
പാടത്തൊരുങ്ങി
കുണുങ്ങിനിന്നു,

ഓലനും കാളനും
പാലടപ്രഥമനും,
സദ്യവട്ടങ്ങ -
ളൊരുക്കി പെണ്ണ്,

തുമ്പപ്പൂച്ചോറുണ്ണാൻ
പുത്തനുടുപ്പിട്ട്,
ഉണ്ണിക്കിടാങ്ങ -
ളൊരുങ്ങി നിന്നു,

പൊന്നോണത്തപ്പന്റെ
സ്നേഹവിരുന്നിന്,
ഇലയിട്ട്, സദ്യ
വിളമ്പി പെണ്ണ്,

പൂങ്കാവനത്തിലെ
ഉല്ലാസപ്പൂങ്കാറ്റിൽ,
ആലോലമാടും
തളിരിലകൾ,

ഈണത്തിൽ പാടിയ
കുമ്മിയടിയുടെ,
താളത്തിൽ തുള്ളുന്നു
തുമ്പികളും,

പുലികെട്ടിക്കളിയുണ്ട്,
കൈകൊട്ടിക്കളിയുണ്ട്,
ഓണക്കളികൾ
പലതുമുണ്ട്,

ഓണനിലാമഴ
പെയ്തു തുടങ്ങവെ,
ആതിരയാടുന്നു
പെൺമനസ്സ്.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി