ആതുരസേവകർ
ആതുരസേവകർ.
...............................
ദീനവും ദു:ഖവും
വാഴുമീ ലോകത്ത്,
അറിവിന്റെ പാഠം
പഠിച്ചു ഞങ്ങൾ,
വർഷങ്ങളെത്ര -
യുഴിഞ്ഞു വച്ചു,
മരണം മണക്കുന്ന
വാർഡുകളിൽ,
മറ്റുള്ളോർ ജീവിത -
മാസ്വദിക്കേ,
പകലന്തിയോളം
പണിയെടുപ്പൂ ,
ഉല്ലാസയാത്രയു-
മവധിദിനങ്ങളും,
വേണ്ടെന്ന് വച്ചിട്ട്
നാളേറെയായ്,
നിപ്പയും ടിബിയും
പകർച്ചപ്പനികളും,
മരണം വിതയ്ക്കുന്ന
നാളുകളിൽ,
ഊണുമുറക്കവു-
മില്ലാതെ ഞങ്ങള്,
നിങ്ങളെ കാത്തില്ലേ,
മാലോകരെ,
മരണത്തെ വെല്ലും
മനുഷ്യനുണ്ടോ,
മരണം, ശാശ്വത -
സത്യമല്ലേ,
പിന്നെയുമെന്തിനീ
ക്രോധമൊക്കെ,
ഞങ്ങളിൽ തീർക്കുന്നു
നാട്ടുകാരേ,
ഞങ്ങടെ മാനസം
വേദനിച്ചാൽ,
പോരാടാനാകുമോ
വ്യാധിയോട്,
രോഗം പഠിക്കുവാൻ
ശാന്തി വേണം,
മരുന്നു കുറിക്കുവാൻ
ചിന്ത വേണം,
ആതുരസേവക -
രില്ലെങ്കിലോ,
നാട് നശിച്ചിടും
തീർച്ചയായും,
ആതുരസേവനം
കാത്തുകൊള്ളാൻ,
ഏതൊരു നാടും
ശ്രമിയ്ക്കവേണം,
അക്രമം കാട്ടുന്ന
ന്യൂനപക്ഷം,
മേൽക്കൈ നേടുന്നു
നാട്ടിലെങ്ങും,
ഡോക്ടറെ തല്ലും
സമൂഹത്തിന്,
സംസ്കാരലോപം
ഭവിച്ചുവിന്ന്,
ഇല്ലിനിയേറെ
സഹിക്കവയ്യാ,
നാടിന്റെ മൗനം
സഹിക്കവയ്യാ,
നാടിൻ മനസ്സാക്ഷി
തൊട്ടുണർത്താൻ,
ഞങ്ങളും ഒന്നിച്ച -
ണിനിരക്കും,
പൂജിക്ക വേണ്ടിനി
ഡോക്ടർമാരെ,
നിന്ദിക്കയില്ലെന്ന്
തീർച്ചയാക്കൂ,
അക്രമിക്കൂട്ടത്തെ
നേരിടുവാൻ,
ശക്തമാം നിയമങ്ങൾ
വാർക്കവേണം,
നല്ല മനസ്സോടെ
സ്വസ്ഥരായി,
ഞങ്ങളും കർമ്മങ്ങൾ
ചെയ്തിടട്ടെ,
രോഗിയും വൈദ്യനു-
മൊത്തെങ്കിലേ,
രോഗശമനം
ഫലിക്കയുള്ളൂ.
Dr.Manoj.M.R.
Comments
Post a Comment