ആനന്ദഭൈരവി

ആനന്ദഭൈരവി.
.............................

നവരത്നശോഭയിൽ
മിന്നിത്തിളങ്ങുന്ന,
നവരാത്രിവേദി -
യൊരുങ്ങിയെന്നിൽ,

നവരസഭാവങ്ങൾ
നർത്തനമാടുന്ന,
മാനസവേദി -
യുണർന്നുവെന്നിൽ,

ഭുവനേശ്വരീ! നിന്നെ
ധ്യാനിച്ചിരിക്കവെ,
ഭക്തിസ്സായൂജ്യം
തുളുമ്പിയെന്നിൽ,

ഹൃദയസരസ്സിലെ
ശ്വേതാംബുജത്തിങ്കൽ
ശ്രീദേവിയായി
തെളിഞ്ഞുവമ്മ,

നിൻ മൃദുഹാസമെൻ
അന്തരംഗത്തിങ്കൽ
അഭയഹിമാചലം
തീർത്തുവപ്പോൾ,

നിൻ മൃദുരാഗമെൻ
മാനസവീണയിൽ,
ആനന്ദഭൈരവി
രാഗമായി,

നിൻ മൃദുവാണിയെൻ
അക്ഷരവാടിയിൽ,
വാസന്തഋതുവായ്
പൂത്തുലഞ്ഞു,

അഹങ്കാരമല്ലാതെ,
എന്ത് ഞാനർപ്പിക്കും,
പാദപത്മങ്ങളിൽ
ദക്ഷിണയായ്,

എന്നുമെന്നുള്ളിലെ
ആത്മവിശുദ്ധിയായ്‌,
അമ്മേ! നയിക്കുക,
മുക്തിയോളം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി