സ്മരണീയമുഹൂർത്തങ്ങൾ
കവിത.
...........
സ്മരണീയമുഹൂർത്തങ്ങൾ.
....................................
പാതിയടഞ്ഞോരു
കുങ്കുമച്ചെപ്പുപോൽ,
ആദിത്യനാഴിയി-
ലാണ്ടു തുടങ്ങവെ,
ചെങ്കതിരേറ്റു തി -
ളങ്ങുന്ന മാനത്ത്,
കൂടൊന്നണയാൻ
പറക്കുന്നു പക്ഷികൾ,
സായന്തനത്തിന്റെ
ശോഭ നുണഞ്ഞുകൊ-
ണ്ടിന്നീ വിജനമാം
തീരത്തിരിക്കവെ,
തീരത്തണഞ്ഞിടും
തിരമാലകൾ പോലെ,
ദൂരത്തുനിന്നു വ -
രുന്നിതെന്നോർമ്മകൾ,
പണ്ടൊരു സന്ധ്യയിൽ,
ഈ സ്വർഗ്ഗതീരത്ത്,
മൽസഖീയാദ്യമായ്
നിന്നെ ഞാൻ കണ്ടതും,
രാവിൻ തിരശ്ശീല
വീഴുന്നതിൻ മുമ്പ്,
നിന്മുഖം കാണുവാ-
നേറെക്കൊതിച്ചതും,
മുന്നോട്ടു വീണ നിൻ
കുറുനിരത്തുമ്പുകൾ,
വെയിലിൻ പ്രശോഭയിൽ
പൊന്നാട നെയ്തതും,
അരുണിമയോലും
കവിൾത്തടം കാണവെ,
നെഞ്ചിലെക്കനവുകൾ
പൂത്തുല്ലസിച്ചതും,
മൗനം പൊഴിക്കുന്ന
നീൾമിഴിക്കോണുകൾ,
അലസമായെന്നുടെ
ഹൃത്തിൽ പതിഞ്ഞതും,
അഞ്ജനം ചാലിച്ച
നിൻ നയനങ്ങളിൽ,
നിർമ്മലസ്നേഹവി -
ഹായസ്സു കണ്ടതും,
നിൻ പാദപങ്കജം
ചുംബിച്ചു പിൻവാങ്ങു-
മലയോടെനിക്ക-
ന്നസൂയ ജനിച്ചതും,
മമസഖിയായി നീ
ജീവിതവാടിയിൽ,
നവ്യമാം പ്രേമസു -
ഗന്ധം ചൊരിഞ്ഞതും,
രാവിൽ നിലാക്കടൽ
പൊന്നല തീർക്കവെ,
ആനന്ദചിത്തരായ്
കാവ്യം രചിച്ചതും,
അംഗുലീബദ്ധരാ-
യീ മണൽത്തിട്ടയിൽ,
താരകപ്പൂക്കളം
പാർത്തുകിടന്നതും,
കാതോട് കാതോര-
മോതിയ തേൻമൊഴി,
പ്രണയത്തിൻ മായാ-
പ്രപഞ്ചങ്ങൾ തീർത്തതും,
പെട്ടെന്നൊരു നാളിൽ,
കർക്കിടസന്ധ്യയിൽ,
മൃത്യു, തൻകൈകളാൽ
നിന്നെ ഗ്രഹിച്ചതും,
ദു:ഖത്തിൻ ഗർത്തമാ-
മെന്നുടെ ചിത്തത്തിൽ,
വ്യർത്ഥമാം ശൂന്യത
വന്നു നിറഞ്ഞതും,
എല്ലാം മറന്നിന്നു
മാനസമെങ്കിലും,
കരളിൽ തപിക്കുന്നു,
നീറുന്നയോർമ്മകൾ,
നിന്നുടെ സാന്നിധ്യ -
മിന്നുമറിയുന്നു,
ഈ കടൽത്തീരത്തു
ധ്യാനിച്ചിരിക്കവെ.
Dr.Manoj.M.R.
9387836710
Comments
Post a Comment