കൊല്ലം
കൊല്ലം.
....................
(ഒരു നാടൻ പാട്ട്)
...............................
അറബിക്കടലോരത്തിന്നും
ജലകന്യക മാതിരിയല്ലോ,
വാഴുന്നുണ്ടിന്നും, "കൊല്ലം",
സുന്ദരിയാം മോഹിനിയായി,
വേണാടിൻ രാജധാനി-
യിവിടല്ലോ പണിഞ്ഞതന്ന്,
ദേശിങ്ങനാടെന്നുള്ളൊരു
ഖ്യാതിയതും പണ്ടേയുണ്ടേ,
പെണ്ണിന്റെ കൂന്തലുപോലെ
അഷ്ടമുടിക്കരകളുമുണ്ടേ,
പെണ്ണിന്റെ കണ്ണുകൾപോലെ
കായലുകൾ വേറെയുമുണ്ടേ,
പെണ്ണിന്റെ ചേതനയായി,
കത്തുന്നൂ വിളക്കുമാടം,
വൈഢൂര്യമണിഞ്ഞതുപോലെ
ലോഹമണൽക്കൂമ്പാരങ്ങൾ,
കൊല്ലവർഷം പിറന്നനാട്ടിൽ
അക്ഷരവും പണ്ടേയുണ്ടേ,
രാമനാട്ടം ജനിച്ചു, പിന്നെ,
കഥകളിയായ്ത്തീർന്നതുമിവിടെ,
കുരുമുളകും മലഞ്ചരക്കും
കശുവണ്ടിപ്പരിപ്പുമെല്ലാം,
വാങ്ങുവാൻ കപ്പലിലേറി
സായിപ്പും വന്നതുകണ്ടേ,
കച്ചോടമുറപ്പിക്കാനായ്
ചിന്നക്കടച്ചന്തയുമുണ്ടേ,
തൊഴിലാളികൾ മുഷ്ടി ചുരുട്ടി,
പോരാടിയ കഥകളുമുണ്ടേ,
തെന്മലയുടെ ചന്തം കണ്ടാൽ,
ഹൃദയങ്ങൾ തുള്ളിച്ചാടും,
പാലരുവി വെള്ളച്ചാട്ടം,
അമൃതിന്റെ ധാരകൾപോലെ,
സീതമ്മപ്പെണ്ണിനെ കാക്കാൻ
പടവെട്ടിയ പക്ഷിരാജൻ
ജടായു വീണൊരു പാറ
ഇന്നിവിടെ കാണാമല്ലോ
ഓച്ചിറയിൽ, ആൽത്തറ തന്നിൽ,
വാഴും പരബ്രഹ്മമൂർത്തി,
ജാതിമതക്കോമരങ്ങൾ,
ആടാത്തൊരു ദേശമാണ്,
ചേലൊത്തൊരു "കൊല്ലം" കണ്ടാൽ,
വേണ്ടില്ലിനിയില്ലം തന്നെ,
എന്നുള്ള പഴഞ്ചൊല്ലിന്നും
സംഗതമാണോർക്കുക നമ്മൾ.
Dr.Manoj.M.R.
Consultant Paediatrics,
General Hospital,
Thiruvananthapuram.
Mob 9387836710
Comments
Post a Comment