മകളേ നിനക്കായി
മകളേ, നിനക്കായി ....
....................................
ഇന്നലെയുച്ചമയക്ക-
ത്തിലെപ്പോഴോ,
ചേലുള്ള ചിത്രം
തെളിഞ്ഞുവെന്നിൽ,
മാനത്ത് പൂവിട്ട
മഴവില്ലിൻ നിറമുള്ള,
സ്വപ്നദലങ്ങൾ
വിടർന്നുവെന്നിൽ,
നീലനിശയിലെ
പൂർണ്ണേന്ദു പോലവെ,
പൈതലാം നിന്മുഖം
മുന്നിൽ വന്നു,
കാർമുകിൽവേണിയും
ചന്ദനപ്പൊട്ടുമായ്,
പുഞ്ചിരി തൂകുന്ന
നിൻ വദനം,
ശോണകപോലങ്ങൾ
മിന്നിത്തുടുക്കവെ,
നാണിച്ചു നിൽക്കുന്നു
സായന്തനം,
നീൾമിഴി തന്നിലെ
കുട്ടിക്കുറുമ്പുകൾ,
എന്നിലാഹ്ളാദ -
മധു നിറച്ചു,
ഈണമൂറും നിന്റെ
സുന്ദരവാണികൾ,
വേണുഗാനത്തിന്റെ
വർഷമായി,
നിൻ കിളിക്കൊഞ്ചലിൻ
താളലയത്തിൽ ഞാ-
നാമോദമോടെ
രസിച്ചിരുന്നു,
അഴകോലുമാ മുഖം
മാറോടണയ്ക്കുവാൻ,
വെമ്പുന്നുവെന്മന -
മാർദ്രമായി,
ആ കുളിർനെറ്റിയിൽ
ചുംബനമർപ്പിക്കാൻ,
ആശിക്കുന്നെന്മന -
മേറെയേറെ,
വേഗം മറഞ്ഞല്ലോ,
നീയങ്ങ് ശോഭിതേ,
മായുന്ന മേഘ-
ചിത്രങ്ങൾ പോലെ,
ഭീതിയലന്നേരം
ഞെട്ടിയുണർന്നല്ലോ,
നെഞ്ച് പിളർക്കു -
ന്നോരാധിയാലേ,
വിറകൊണ്ട ദേഹവും,
നന്നേ വിയർത്തുപോയ്,
നെഞ്ചിടിപ്പിൻ
വേഗമേറെയായി,
ഉള്ളം തണുത്തു,
കിനാവെന്നറിയവെ,
മൃദുമന്ദഹാസം
വിടർന്നു ചുണ്ടിൽ,
മാറാപ്പിൻ കെട്ടഴിഞ്ഞോർ-
മ്മമേഘങ്ങളെൻ,
ചിത്തംബരത്തിൽ
പറന്നു വന്നു,
പഠനം കഴിഞ്ഞിട്ടോ -
രന്യമാം ദേശത്ത്,
ജോലിയ്ക്ക് നീയന്ന്
പോയീടവെ,
ഏറെത്തപിച്ചുപോ-
യെന്നുടെ മാനസം,
ഏറെ വിതുമ്പി
ഞാനേകയായി,
സാക്ഷാത്കരിച്ച
നിന്നാശയറിയവെ,
സങ്കടക്കയ്പ്പു
കുടിച്ചിറക്കി,
നിന്നക്ഷി തന്നിലെ-
യാമോദം കാണവെ,
അനുഗ്രഹമേകി
ഞാൻ യാത്രയാക്കി,
ചിറക് വളർന്നോരു
പക്ഷിയെപ്പോലെ നീ,
പാറിപ്പറന്നൂ
സ്വതന്ത്രയായി,
വറുതിദിനങ്ങൾ
സ്മൃതികളായി,
രമ്യമാം ഹർമ്യം
പണിതുയർത്തി,
എത്ര ഋതുക്കൾ
കടന്നുപോയി,
വ്യർത്ഥത മെല്ലെ
നിറഞ്ഞുവെന്നിൽ,
മിണ്ടിച്ചിരിക്കുവാ-
നാരുമില്ല,
വിഷാദഗർത്തത്തി -
ലാണ്ടു പോയി,
നീറും കനലായി -
യുള്ളകവും,
വറ്റിവരണ്ടെന്റെ
കണ്ണീർത്തടം,
ദു:ഖക്കടലായി
ഹൃത്തടവും,
വിളറിത്തണുത്തല്ലോ
ചൊടിയിണകൾ,
നിൻ ഗന്ധമേറുന്ന
കുഞ്ഞുടുപ്പ്,
മാറോടണയ്ക്കും
ശയിച്ചിടുമ്പോൾ,
നിൻ പരിലാളന -
മേറ്റ പാവ,
എന്നുടെ ചാരത്തു -
റങ്ങിടുന്നു,
എന്നുമെന്നത്താഴ -
ത്തീൻമേശയിൽ,
വിളമ്പിയൊരുക്കുന്നു
നിന്റെ പങ്കും,
കാതോർത്തിരിപ്പുണ്ട്
നിത്യവും ഞാൻ,
സ്നേഹസംഭാഷണം
കേൾപ്പതിനായ്,
മിഴിനട്ടിരിക്കുന്നു
പൊൻമകളേ,
ജീവിതപ്പാതയി-
ലേകയായി,
അമ്മതൻ സങ്കടം
കാണവേണ്ട,
പാറിപ്പറക്കു നീ
ശലഭമായി,
കുഞ്ഞിന്റെയാനന്ദ -
മമ്മമാർക്ക്,
ഹൃദ്യമകരന്ദ-
മെന്നുമെന്നും,
കരുതിവയ്പ്പുണ്ടു
ഞാനോമലാളേ ,
വാത്സല്യത്തേനുള്ള
സ്നേഹസുമം.
Dr.Manoj.M.R.
Comments
Post a Comment