യക്ഷി
യക്ഷി.
.............
ഇന്നും മനസ്സിൽ
നിറഞ്ഞു നിൽപ്പൂ,
ഏകാന്തരാവിന്റെ
സാന്ത്വനങ്ങൾ,
വന്യമാം കാനന -
വീഥികളിൽ,
ഒഴുകും നിഴലായ്
പറന്ന കാലം,
താമരയിലയിലെ
നീർമണിയിൽ,
ചന്ദ്രിക വൈഢൂര്യം
തീർത്ത രാവിൽ,
വൃശ്ചികരാവിൻ
കുളിർമ ചൂടി,
ഹിമമായ് വാനി-
ലലഞ്ഞ കാലം,
രജനീഗന്ധികൾ
പൂവണിയേ,
മായികലോകം
ചമച്ചു ഞാനും,
മാലേയഗന്ധിയാം
പുടവ ചുറ്റി,
മോഹിനിയായി
ചമഞ്ഞൊരുങ്ങി,
അന്ധതമസ്സിനാൽ
മിഴിയെഴുതി,
നയനത്തിൽ ലജ്ജതൻ
പൂവു ചൂടി,
പാലപ്പൂ മണമുള്ള
വാർമുടിയിൽ,
സങ്കടക്കാർമേഘ-
മൊളിച്ചു വച്ചു,
രുധിരം രുചിക്കുവാൻ
ദാഹമോടെ,
അധരത്തിൽ വെറ്റില-
ച്ചോപ്പണിഞ്ഞു,
നെഞ്ച് പിളർക്കും
പകക്കിലുക്കം,
ചിലമ്പിന്നൊലിയായ്
മുഴങ്ങിയെങ്ങും,
വിരഹം തിളയ്ക്കും
കരളുമായി,
രാഗങ്ങൾ മൂളി
നടന്നു ഞാനും,
പ്രേമം തുളുമ്പും
മനസ്സുമായി,
പ്രിയമെഴും നാഥനെ
കാത്തുനിന്നു,
എന്നിൽ ഭ്രമിച്ച നീ
കാമാർത്തനായ്,
നിന്നെ മറന്നു നീ
മോഹിതനായ്,
രോഷത്തീയാളുമെൻ
രൂപം കാൺകെ,
ആലില പോലെ
വിറച്ചു നീയും,
നിൻ നയനത്തിലെ
ഭീതി കാൺകെ,
ഊറിച്ചിരിച്ചു ഞാൻ
ഉന്മാദിയായ്,
മരണം തലോടിയ
പ്രാണനോടെ,
നീയുമെൻ ലോകത്ത്
വന്നു ചേർന്നു.
പാർക്കുവാനില്ലിന്ന്
കരിമ്പനകൾ,
മോഹപ്പൂവണിയുന്ന
പാലകളും,
വെണ്ണിലാവൊഴുകുന്ന
പൊയ്കയില്ല,
ഇരുളിനെ പുണരും
വനങ്ങളില്ല,
എങ്കിലുമിന്നും ഞാൻ
ജീവിക്കുന്നു,
മാനവചിത്തത്തിൽ
സങ്കല്പമായ്,
എങ്കിലുമിന്നും ഞാൻ
ജീവിക്കുന്നു,
ഭീതി നിറയുന്ന
മാനസത്തിൽ.
Comments
Post a Comment