ഉത്സവപ്പിറ്റേന്ന്

ഉത്സവപ്പിറ്റേന്ന്.
...........................

ഉത്സവപ്പിറ്റേന്ന്
ക്ഷീണിച്ചുറങ്ങുന്നു,
ആലസ്യമോടെയെൻ
പൊന്നുഗ്രാമം,

മൂകതയെങ്ങും തളം
കെട്ടി നിൽക്കുന്നു,
മൃത്യു വിരുന്നുണ്ട
വീടുപോലെ,

അമ്പലമുറ്റം വിജന -
മായ്ത്തീർന്നല്ലോ,
പൂരപ്പറമ്പു -
മനാഥമായി,

ചമയങ്ങളെല്ലാ-
മഴിഞ്ഞു വീഴുന്നേരം,
താളവും മേളവും 
മൗനമാർന്നു,

പൊങ്കാലപ്പായസം
നേദിച്ചടുപ്പുകൾ,
പട്ടട പോലെ
കിടപ്പതുണ്ട്,

വർണ്ണക്കൊടികളും
കുപ്പിവളകളും,
നീളെ കിടക്കുന്നു
വീഥികളിൽ,

വാടിയ, തെങ്ങിൻകുരു -
ത്തോലനാമ്പുകൾ,
വേനലിൻ താപത്തിൽ
തേങ്ങിടുന്നു,

തെങ്ങിൻ തലപ്പുകൾ,
ആലിലച്ചാർത്തുകൾ,
ദീർഘസുഷുപ്തിയി-
ലാണ്ട പോലെ,

മാനത്ത് ശോഭിച്ച
ദീപരേണുക്കളും,
കെട്ടിയൊരുക്കും
കുതിരകളും,

തെയ്യവും തോറ്റവും,
ആനയമ്പാരിയും,
എല്ലാം മറഞ്ഞുപോ-
യോർമ്മകളായ്,

എങ്കിലുമെല്ലാമ -
റിഞ്ഞു കൊണ്ടങ്ങനെ,
പുഞ്ചിരി തൂകുന്നു,
ഊരിൻ ദേവി,

ഒറ്റവിളക്കിന്റെ
മായികശോഭയിൽ,
ചിന്മയരൂപിയാം,
അമ്മദേവി,

ഉത്സവപ്പിറ്റേന്ന്
കാഴ്ചകൾ കാണവെ,
ധ്യാനനിരതമാ-
യെൻ മാനസം,

നൊമ്പരമേകിയ
ദു:ഖദുരിതങ്ങൾ,
സൗഖ്യം പകർന്നോ-
രനുഭവങ്ങൾ,

രോഷത്തീ തുപ്പിയ
കലഹക്കനലുകൾ,
വേദന പേറുന്ന
ഗദ്ഗദങ്ങൾ,

ശാന്തിതൻ മന്ത്ര-
മുരുവിട്ട വാക്കുകൾ,
സ്നേഹകുസുമം
വിരിഞ്ഞ പൂവള്ളികൾ,

നിർവൃതി തന്നുടെ
നീലക്കടമ്പുകൾ,
ഭക്തിരസമാർന്ന
നീലക്കരിമ്പുകൾ,

ഇത്തിരി നേരത്തെ -
യുത്സവമാടീട്ട്,
എല്ലാം മറയുന്നു
ചിത്രങ്ങളായ്,

ഭൂതകാലത്തിന്റെ
മച്ചിലേയ്ക്ക് ,
ഓർമ്മതൻ
മന്ദാരച്ചെപ്പിലേയ്ക്ക്,

എങ്കിലുമെന്നുടെ
അന്തരാത്മാവിലായ്,
അറിവിന്റെ ജ്യോതി,
തെളിഞ്ഞു നിൽപ്പൂ,

കോവിലിനുള്ളിലെ
ശ്രീദേവിയെപ്പോലെ,
നിൽപ്പൂ, വിശുദ്ധമാ-
യെൻ ചേതന.

Dr Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി