എന്നെത്തിരഞ്ഞ്

എന്നെത്തിരഞ്ഞ്.
...............................

വർണ്ണപ്പകിട്ടാർന്ന-
യോർമ്മയെന്നിൽ,
അഴകാർന്ന ചിത്രം
വരച്ചിരുന്നു,
വാസന്തഋതുവിലെ
പൂവാടിയിൽ,
മദനോത്സവങ്ങൾ
ചമച്ചിരുന്നു,

വെണ്ണിലാവൊഴുകും
നിശീഥിനിയിൽ,
മോഹക്കിനാവുകൾ
നെയ്തിരുന്നു,
രാഗാർദ്രമാമി -
ക്കിനാവുകളിൽ,
ആനന്ദലഹരി
നിറഞ്ഞിരുന്നു,

നീറുന്ന നോവു
ശമിക്കുവാനായ്,
മായക്കിനാവിൽ
ലയിച്ചിരുന്നു,
ധനുമാസരാവിലെ
കോടമഞ്ഞിൽ,
കവിതകൾ പാടി
നടന്നിരുന്നു,

വാക്കും മൊഴികളു-
മെന്നുമെന്നിൽ,
കല്പിതകഥകൾ
രചിച്ചിരുന്നു,
ഓർമ്മകളില്ലാത്ത
മാനസത്തെ,
ചിന്തിക്കുവാനേ
കഴിഞ്ഞതില്ല,

വാർധക്യനാളുകൾ
വന്നീടവെ,
മനസ്സിൽ തിരശ്ശീല
വീണപോലെ,
മഞ്ഞിൽ മറഞ്ഞുപോം
താഴ്വരപോൽ,
മറയുന്നു മാനസ-
ദൃശ്യങ്ങളും,

തിമിരത്താൽ മങ്ങിയ
കാഴ്ചപോലെ,
മൂടുപടം ചൂടി -
യോർമ്മകളും,
വിടചൊല്ലിപ്പോകുന്നു
സ്വപ്നലോകം,
നിറംകെട്ടു മങ്ങു -
ന്നനുഭവങ്ങൾ,

തെളിയാതിരിക്കും
വിചാരങ്ങളിൽ,
അറിവിന്റെ പാഠങ്ങ -
ളകലുന്നുവോ,
അർത്ഥം തുടിക്കാത്ത
വാക്കുകളിൽ,
ഭ്രാന്തമാം വ്യർത്ഥത
തേങ്ങുന്നുവോ,

ഓർമ്മതന്നാഴി
വരണ്ടുണങ്ങി,
ഓർമ്മമേഘങ്ങളും
യാത്രയായി,
ഹൃദയം തകർക്കുന്ന
വേദനകൾ,
അന്തരാത്മാവി-
ലിടം പിടിച്ചു,

അമ്മതൻ താരാട്ടി -
ന്നീണമിന്ന്,
കേൾക്കാത്ത പാട്ടാ-
യകന്നുപോയി,
അച്ഛന്റെയധ്വാന -
ച്ചൂരുണ്ടല്ലോ, ആ,
ധൈര്യത്തിൻ വാസന -
യെങ്ങുപോയി,

കസ്തൂരിമണമെഴും
പെങ്ങളേ, നിൻ,
കാൽത്തളക്കിലുക്ക -
മിന്നെങ്ങുപോയി,
കെട്ടിപ്പുണരുമെൻ
കൂട്ടുകാരാ,
എന്തേയെന്നുള്ളം
മറന്നു നിന്നെ,

സ്നേഹത്തലോടൽ
കൊതിച്ചിരിക്കെ,
അനുരാഗശാലിനീ,
സഹധർമ്മിണീ,
നിന്മിഴിപ്പൂക്കൾ
മറന്നുവോ ഞാൻ,
മരവിച്ചുവോ, എന്റെ
മാനസവും,

ഹൃദയത്തിലാനന്ദ -
ത്തിരയിളക്കും,
മകനേ, നിൻ പൂത്തി-
രിപ്പുഞ്ചിരിയും,
ചക്രവാളത്തിലെ
പക്ഷിയെപ്പോൽ,
നിറമില്ലാ നിഴലായി -
ത്തീർന്നതെന്തേ,

വിസ്മൃതിയെന്നിൽ
പടർന്നീടവെ,
ഭീതിയിലാഴുന്നു -
വന്തരംഗം,
ഏകാന്തതയുടെ
ശൂന്യതയിൽ,
ദു:ഖം കനക്കുന്നു
നെഞ്ചകത്തിൽ,

ഓർമ്മത്തുരുത്തുകൾ
തേടീടവെ,
വിസ്മൃതമായെന്റെ
പേരുമൂരും,
മറവിയിലാഴുന്നു
വ്യക്തിബോധം,
മൃത്യുവിൻ ലോകത്ത-
ണഞ്ഞുവോ ഞാൻ,

ബോധാബോധങ്ങ -
ളിലേകനായി,
നൂലറ്റ പട്ടമായ്
പാറീടവെ,
ആരാണ് ഞാനെന്ന്
ചൊല്ലിത്തരൂ,
ആരേലുമെന്നോട്
ചൊല്ലിത്തരൂ.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി