ബാവുൽഗായിക

ബാവുൽഗായിക.
...............................

ഇലഞ്ഞികൾ പൂക്കും
നദിക്കരയിൽ,
എവിടുന്നൂ കേൾപ്പൂ
മധുരഗീതം,
ഗന്ധർവ്വദേവത
പാടുന്നുവോ,
പ്രേമസായൂജ്യമാം
മധുരഗാനം,

എല്ലാം മറന്നു നീ
പാടിടുന്നു,
മീരയെപ്പോലെന്നു -
മേകയായി,
ബാവുലിൻ ഗീതികൾ
പാടിടുന്നു,
സ്വച്ഛന്ദമൊഴുകുന്നു
കുന്തിപ്പുഴ,

ജന്മാന്തരങ്ങളായ്
മോഹിച്ച കണ്ണന്റെ,
കരവലയത്തി -
ലമർന്നനേരം,
പ്രണയവിവശയാം
രാധയെപ്പോൽ,
ഉന്മത്തയായി നീ
പാടിടുന്നു,

അർദ്ധനിമീലിത-
പ്പൂമിഴികൾ,
നാഥന്റെ ഹൃത്തിൽ
ലയിച്ചിരിക്കെ,
നിർവൃതി തൂകുന്നോ-
രാനന്ദബാഷ്പങ്ങൾ,
നീൾമിഴിപ്പീലിക -
ളാർദ്രമാക്കി,

മഞ്ഞളിൻ നിറമാർന്ന
പാവാടയും,
കുങ്കുമച്ചോപ്പാർന്ന
മേലാടയും,
പാറിപ്പറക്കും
മുടിയിഴകൾ,
നൃത്യങ്ങളാടുന്നു
സുന്ദരാംഗി,

താളം പിടിക്കുന്നു
കാൽച്ചിലങ്ക,
ശ്രുതിചേർന്നു മീട്ടു -
ന്നു, "ഏകതാര " ,
ഭാവസമാധിയി-
ലാണ്ടപോലെ,
ഗാനമായൊഴുകുന്നു
പെൺകിടാവ്,

ആത്മവിശുദ്ധിതൻ
സാധനയായ്,
ഈ വഴിത്താരയിൽ
നൃത്തമാടും,
ആത്മസ്വരൂപിണീ!
നിന്നെയോർത്ത്,
അത്ഭുതം കൂറുന്നു -
വെന്റെയുള്ളം,

ദിവ്യാനുഭൂതിത-
ന്നുത്തുംഗമാം
ശൃംഗത്തിൽ വാഴുന്ന
സന്യാസിനീ!
നിൻ ധ്യാനഗീതകം
കേട്ടുനിൽക്കെ,
സിരകളിൽ പടരുന്നു -
വാത്മഹർഷം.

"ഏകതാര "- ഒറ്റത്തന്ത്രിയുള്ള വീണ

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി