വിഷുക്കണി
വിഷുക്കണി
......................
മേടവിഷുദിനം
വന്നണഞ്ഞു ,
വിശ്വമനോഹരി
പൂത്തുലഞ്ഞു ,
കതിരുകാണാക്കിളി
പാടിടുന്നു ,
മാലോകരെല്ലാം
ശ്രവിച്ചിടുന്നു;
" വ്യാധികളെല്ലാം പൊറുക്കുന്ന നാളുകൾ
വൈകാതെ ഭൂവിലായ്
വന്നുചേരും,
സമ്പൽസമൃദ്ധിയും
ഐശ്വര്യലക്ഷ്മിയും
കൈനീട്ടമേകാൻ
വിരുന്നുവരും , "
വീട്ടുമുറ്റത്തങ്ങ്
പൂത്തുനിൽക്കുന്നിതാ
മഞ്ഞക്കസവിട്ട
കർണ്ണികാരം,
സ്വർണ്ണവെയിൽ കുടി -
ച്ചുന്മത്തയായവൾ
നാണംകുണുങ്ങി -
ച്ചമഞ്ഞുനിൽപ്പൂ ,
കൊന്നമരച്ചോട്ടി -
ലാടും നിഴലുകൾ
കാർമുകിൽവർണ്ണനെ -
പ്പോലെ തന്നെ,
കോലക്കുഴൽനാദ -
ഗാനം പൊഴിക്കുന്നു
ആനന്ദചിത്തനാം
മന്ദാനിലൻ,
നീലാകാശവിരിപ്പു
കണ്ടാൽ
മിന്നിത്തിളങ്ങുന്ന
ദർപ്പണംപോൽ,
ദേവകൾ നൽകും
കൈനീട്ടമായി
തുഞ്ചത്തിലാടുന്ന
മാമ്പഴങ്ങൾ,
പ്ലാവിലെ ചക്കകൾ
കണ്ടുവെന്നാൽ
ഉറ്റങ്ങു നോക്കും
മുഖങ്ങൾപോലെ,
ചോന്നുതുടുത്തു
കുനിഞ്ഞുനിൽപ്പൂ
ലജ്ജാവതിയായ
ചെങ്കദളി,
മേടപ്പുലരിതൻ
ശോഭ നുണയവെ
മധുരം നിറഞ്ഞുവെൻ
മാനസത്തിൽ,
വിശ്വമൊരുക്കും
വിഷുക്കണി കാണവെ
സ്നേഹത്തിൻ ദീപം
തെളിഞ്ഞുവെന്നിൽ.
Dr Manoj M R.
Comments
Post a Comment