അമ്മ
അമ്മ .
...............
പാപച്ചെളിക്കുണ്ടിൽ
മുങ്ങിയെന്നാകിലും,
വീഴ്ചയിലേറെ കിത -
ച്ചുവെന്നാകിലും,
സർവ്വംസഹയായ
ധരണി നീയെന്നപോൽ
എന്നുമാശ്ലേഷിക്കും
കരുതലിൻപേരമ്മ,
വെള്ളാരം കല്ലിന്മേൽ
പൊട്ടിച്ചിതറുന്നോ -
രരുവിതൻ മിന്നും
ജലകണംപോലവെ ,
പായുമെൻ മോഹക്ക-
നവിൻ ദലങ്ങളിൽ
നിശ്വാസച്ചൂടിന്റെ
ഉത്കണ്ഠയാണമ്മ,
അറിവിന്റെയാദ്യത്തെ
വാക്കായ് പിറന്നതും
മുന്നിലെ ലോകത്തെ
തൊട്ടുപഠിച്ചതും ,
തെറ്റുതിരുത്തും
മനസ്സാക്ഷിയായിട്ടും
ഉള്ളിൽ വിരിഞ്ഞോരു
ധാരണതന്നമ്മ ,
താരാട്ടുപാട്ടിന്റെ -
യീണവിരുന്നായി
ക്ഷീണമകറ്റുന്ന
നിർമ്മലശയ്യയായ് ,
മെല്ലെത്തലോടുന്ന
സ്നേഹസമീരന്റെ
കൊഞ്ചും മൊഴിയുടെ
തഴുകലിൻപേരമ്മ,
ആകാശവട്ടത്തി -
ലാളുന്ന സൂര്യനായ്
ജീവന്റെയുള്ളിലെ
ആത്മവിശുദ്ധിയായ്,
ഹൃദയത്തിൽനിന്നും
നിറഞ്ഞങ്ങൊഴുകുന്ന
ദിവ്യപ്രകൃതിയാം
ഗംഗതൻപേരമ്മ.
Dr Manoj M R.
Comments
Post a Comment