ജൈവക്കലവറ
കവിത.
ജൈവക്കലവറ.
...............................
ഉഷാകിരണങ്ങൾ
വാനിലുദിക്കവെ
നിഴലിന്റെ കൊട്ടാരം
തീർത്തുവെൻ തേന്മാവ്,
ആ മരക്കൊമ്പിന്മേ -
ലോടിക്കളിക്കുന്നു
ആഹ്ളാദചിത്തരാ -
മണ്ണാറക്കണ്ണന്മാർ,
പുന്നാരം ചൊല്ലിക്ക -
ളിക്കുന്നു മൈനകൾ,
വിസ്മയരാഗങ്ങൾ
പാടുന്നു കോകിലം,
മാവിനെ പുൽകുന്ന
മുളകിന്റെ വള്ളിയിൽ
വരിയായി നീങ്ങുന്നു
ചോണനുറുമ്പുകൾ,
സുസ്മിതശോഭിനി -
മാരായി നിൽക്കുന്നു
സുന്ദരസൂനങ്ങ -
ളെന്നുടെ മുറ്റത്ത്,
വെണ്ണിലാപ്പാലുകു -
ടിച്ചുമദിച്ചോരു
കാതരയാമെന്റെ
വെള്ളമന്ദാരവും ,
മണ്ണിൽ കൊഴിഞ്ഞോരു
താരകൾപോലവെ
പൊട്ടിവിരിഞ്ഞയെൻ
നന്തിയാർവട്ടവും ,
ചുംബനമേകിയ
മഞ്ഞുകണത്തിന്
പൂമണം തൂകിയ
പനിനീർപുഷ്പവും,
കണ്ണുകുളിർപ്പിക്കും
ചെമ്പരത്തിപൂവും,
രക്തപുഷ്പാഞ്ജലി
നേരുന്ന തെച്ചിയും,
ചേലുള്ള വർണ്ണച്ചി -
റകുകൾ വീശീട്ട്
പാറിപ്പറക്കുന്നു
ചിത്രശലഭങ്ങളും ,
തെക്കേത്തൊടിയിലെ
പ്ലാവിൻ ചുവട്ടിലായ്
സ്വപ്നങ്ങൾ നെയ്യുന്നു
പയ്യും കിടാക്കളും,
വ്യഗ്രതയോടെന്തോ
ചിക്കിച്ചികയുന്നു
ചാരനിറമാർന്ന
കോഴിയും കൂട്ടരും,
മഴയിൽ കുളിച്ചാലും
നനയാത്ത ചേമ്പില ,
വള്ളികളായി -
പ്പടരുന്ന മത്തനും,
വാഴയും ജാതിയും
കേരവൃക്ഷങ്ങളും
കൂട്ടുകാരെപ്പോലെ
വാഴുന്നുവൊന്നിച്ച്,
പ്രകൃതിയാമമ്മേ നീ
പ്രാണന്റെയുറവിടം,
ജൈവവൈവിധ്യത്തിൻ
കലവറയാണു നീ ,
നോവിക്കാനാവുമോ
തരുണിയാമമ്മയെ,
ഒത്തിരി സ്നേഹിക്കാം
കലവറയില്ലാതെ.
Dr Manoj M R .
Comments
Post a Comment