കറിവേപ്പിലകൾ
കവിത.
കറിവേപ്പിലകൾ.
.............................
ഇന്നൊരു കല്ല്യാണ -
സദ്യയുണ്ടീടവെ,
കറികളിൽ നിന്നും
പെറുക്കിയെടുത്തു ഞാൻ
നീരൂർന്നു വാടിയ
ചെറിയിലത്തുണ്ടുകൾ,
ജീവൻ വെടിഞ്ഞോരു
കറിവേപ്പിൻപത്രങ്ങൾ,
എച്ചിലിൻ കൂനയിൽ
കൂട്ടിവച്ചീടവെ
ചിന്താധീനമാ-
യെൻമനമന്നേരം,
"കറിവേപ്പിലപോലെന്ന "
ചൊല്ലുസ്മരിച്ചു ഞാൻ
തെല്ലിട സദ്യയങ്ങു -
ണ്ണാൻ മറന്നുപോയ്,
എൻരസമുകുളത്തിൽ
രുചി പകർന്നീടുവാൻ
ദാനമായേകി നീ
നിൻദേഹമത്രയും ,
എൻമനതാരിൽ
സുഖം പകർന്നീടുവാൻ
പ്രാണൻ ത്യജിച്ചു നീ
കാരുണ്യരൂപിണീ,
സ്വാർത്ഥരാം മാനവർ
നിന്നെ മുറിയ്ക്കവെ
മാതൃതരുവേ! നീ
നൊമ്പരപ്പെട്ടുവോ,
ദേഹമടർന്നു നിൻ
പ്രാണൻ പിടയ്ക്കവെ
മാതൃതരുവേ! നീ
കണ്ണുനീർ വാർത്തുവോ,
നന്നേയിരുണ്ട നിൻ
പച്ചിലക്കുള്ളിലായ്
നിന്റെ നിഗൂഢമാം
രാഗരഹസ്യമോ,
നിന്റെ ഹൃദന്തത്തി-
നുള്ളിലൊളിപ്പിച്ച
നഷ്ടവസന്തത്തിൻ
കരിമുകിൽക്കൂട്ടമോ,
മധുരമായിന്നെന്റെ
നാവിൽ രുചിച്ചത്
നിൻ ഹൃദയത്തിലെ
സ്വപ്നമോ സ്നേഹമോ,
ഇന്നെന്റെ കറികളിൽ
തിക്തമായ്ത്തീർന്നത്
മനസ്സിൽ നിറഞ്ഞോരു
നൈരാശ്യബോധമോ,
കർമ്മവിശുദ്ധേ! നിൻ
ജീവിതം കാണവെ
വിനയതരംഗങ്ങ -
ളെന്നിൽ ജനിക്കുന്നു,
സംഗമില്ലാത്തോരു
കർമ്മത്തിൻ വിത്തുകൾ
താമസംവിനാ
മുളയ്ക്കട്ടെയെന്നിലും.
Dr Manoj M R.
Comments
Post a Comment