ചിങ്ങപ്പുലരി

ചിങ്ങപ്പുലരി .
........................

ചിങ്ങക്കാറ്റിന്നു പറഞ്ഞു
പൊന്നോണപ്പുലരി
പിറന്നു,
നേരം പോയ് നേരം പോയേ,
എല്ലാരും കണ്ണുതുറന്നേ,

ചോന്നല്ലോ കിഴക്കേമാനം,
തൂമഞ്ഞിൻ കണ്ണു തിളങ്ങി,
പുന്നെല്ലിൻ പാട്ടുകൾ പാടാൻ 
പുന്നാരക്കിളികളുണർന്നു,

ഇന്നെന്റെ മണിമുറ്റത്തും 
പൂക്കൾ തന്നൂഞ്ഞാലാട്ടം,
ഇന്നെന്റെ ഹൃദയത്തിങ്കൽ 
സന്തോഷത്തകിലടി മേളം,

നാണത്താൽ കുനിഞ്ഞുനിൽപ്പൂ 
നിർമ്മലയാം തുമ്പപ്പൂവ്,
മലയാളപ്പെണ്ണിനെ നോക്കി 
മുക്കുറ്റിപ്പൂവു ചിരിച്ചു, 

ചെമ്പകവും മുല്ലപ്പൂവും 
പ്രേമത്തിൻ കഥകൾ ചൊല്ലി,
തേന്മാവിൻ കൊമ്പിലിരുന്ന് പാടുന്നു പുള്ളിക്കുയിലും,

മന്ദാരം പൂത്തുവിരിഞ്ഞു 
മനതാരിൽ കവിത നിറഞ്ഞു,
പൊന്നോണപ്പാട്ടിൻ വരികൾ 
കൺമുന്നിൽ നർത്തനമാടി,

കദനത്തിൻ കരിമേഘങ്ങൾ 
എങ്ങോട്ടോ പോയിമറഞ്ഞു,
ലോകത്തിൽ നല്ലൊരു കാലം
വരവായി പുഞ്ചിരിയോടെ.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി