മാസ്കുകൾ കഥ പറയുമ്പോൾ
കവിത.
മാസ്കുകൾ കഥ
പറയുമ്പോൾ ....
.................................
(Mask - കോവിഡ് പ്രതിരോധത്തിനായി ധരിക്കുന്ന മുഖാവരണം)
....................................
മാസ്കുകളിന്നീ
ലോകത്തെങ്ങും
മർത്ത്യകുലത്തി-
ന്നടയാളം,
വർഗ്ഗവുമില്ല
ജാതിയുമില്ല,
ഏകത്വത്തി-
ന്നടയാളം,
രോഗം പടരും
പുതിയയുഗത്തിൽ
അറിവിൻ വിവേക -
സമ്മാനം,
സമുദായത്തിൻ
ജീവൻ കാക്കാൻ
മരുന്നുപോലി -
ന്നനിവാര്യം,
പലപലവർണ്ണ -
ശീലകളാലേ
വദനത്തിന്റെ
നിറംമാറി,
പുഞ്ചിരിതൂകും
മാനുഷരെല്ലാം
പണ്ടേ കേട്ടൊരു
കഥയായി,
മുല്ലപ്പൂമണമൊ -
ഴുകും രാവും
ഓമൽക്കുഞ്ഞിൻ
വാസനയും
മണമില്ലാത്തോ-
രോർമ്മകളായ്
ദൂരത്തെങ്ങോ
മറഞ്ഞുപോയ് ,
സന്ധ്യമയങ്ങും
കവിളിണയിന്ന്
വീൺവാക്കായി -
പ്പൊലിഞ്ഞുവോ ,
പൊട്ടിച്ചിരിയുടെ
നാദതരംഗം
മാസ്കിൽ തട്ടി -
ത്തകർന്നുവോ,
അധരത്തിന്റെ
വിതുമ്പലുമിന്ന്
മൗനത്തിൽ
വീണുടയുന്നു,
കദനത്തിൻ
ചുടുനിശ്വാസങ്ങൾ
ആളും തീയായ്
പടരുന്നു ,
ഗാനത്തിന്നനു -
പല്ലവികൾ
മൂളിപ്പാട്ടായ്
തേങ്ങുന്നു,
ചൊല്ലിപ്പാടു -
ന്നീരടികൾ
ചിന്തകളായ്
ചേക്കേറുന്നു ,
ഹസ്തത്തിൻ നവ-
മുദ്രകളിന്ന്
ഭാഷ ചമച്ചു
ലോകത്തിൽ,
പുത്തൻ രാഗ-
വികാരങ്ങൾ
നർത്തനമാടി
നയനത്തിൽ,
മനസ്സിലാളുന്നാ-
വേശങ്ങൾ
നിറം ചൊരിഞ്ഞു
മാസ്കുകളിൽ,
നിറങ്ങളാളും
മേഘത്തെപ്പോൽ
കഥ പറയുന്നു
ശീലകളും,
സ്വച്ഛമനസ്സിൻ
നീലാകാശം
തെളിഞ്ഞുവന്നു
മാസ്കുകളിൽ,
വിക്ഷോഭത്തിൻ
കാർമേഘങ്ങൾ
ഉരുണ്ടുകൂടി
ചിലനേരം,
അഭിലാഷത്തിൻ
വർണ്ണപ്പൂക്കൾ
മഴവില്ലായി
വിരിഞ്ഞപ്പോൾ,
പ്രേമത്തിൻ ഗുൽ -
മോഹർപ്പൂക്കൾ
ശയ്യയൊരുക്കി
ശീലകളിൽ,
നിറഞ്ഞവാക്കായൊ -
ഴുകും പുഴയിൽ
തടയണതീർക്കും
മാസ്കുകളിൽ,
മുറിഞ്ഞവാക്കിൻ
വക്കുകളാലേ
ചോര കിനിഞ്ഞു
പടർന്നല്ലോ ,
രോഗത്തിന്റെ
പുറപ്പാടിൽ നാ-
മാദ്യം പകച്ചു
നിന്നേലും,
തോറ്റുകൊടുക്കാ -
നാകാതെ നാം
അടരാടുന്നു
മികവോടെ ,
വലിച്ചുകെട്ടിയ
മാസ്കുകളൽപ്പം
നൊമ്പരമേകി -
യിരുന്നാലും
കോവിഡുരോഗം
പിടിച്ചുകെട്ടാൻ
മാസ്കുധരിക്കാം
മാനവരേ .
Dr Manoj M R.
Comments
Post a Comment