ഓണവും കോവിഡും

കവിത.

ഓണവും കോവിഡും .
....................................

കോവിഡിൻ മാരി 
പടർന്നുപിടിക്കവെ
ശ്രാവണമാസം 
വിരുന്നുവന്നു, 

വ്യാധിതന്നാധി
മനസ്സിൽ തിളയ്ക്കവെ
ആവണിത്തെന്നൽ 
തഴുകിയെത്തി,

പൊയ്പ്പോയ കാലത്തെ
ഓണത്തിന്നോർമ്മകൾ
പൂക്കളമിട്ടു 
ചിരിച്ചുനിന്നു,

ഇല്ലിന്നു ചന്തയു-
മുത്രാടപ്പാച്ചിലും,
പടരുന്ന മാരി 
തടുക്കവേണം,

എങ്കിലും ചാരുതയെങ്ങും 
വിളങ്ങുന്നു,
കണ്ണുതുറന്നു നാം
കാണ്കേ വേണം,

കാട്ടിലും മേട്ടിലും 
വർണ്ണം വിതറുന്നു
അരളിയും തെച്ചിയും
കദളിപ്പൂവും,

താഴമ്പൂ മണമുള്ള 
പാടവരമ്പത്ത്
മഞ്ഞയുടുപ്പിട്ട 
മുക്കുറ്റിപ്പൂ ,

കിന്നാരം ചൊല്ലുന്നു 
കറുകയും തുമ്പയും 
തുള്ളിക്കളിക്കുന്നു 
പൂത്തുമ്പികൾ,

തങ്കക്കതിർക്കുല 
തിന്നുവാനെത്തുന്നു 
ചെഞ്ചായച്ചുണ്ടുള്ള 
തത്തമ്മകൾ, 

പൂങ്കുയിൽ പാടുന്നോ-
രീണങ്ങൾ കേട്ടിട്ട് 
താളം പിടിക്കും 
മരംകൊത്തികൾ,

താളമേളങ്ങളിൽ 
ചാടിക്കളിക്കുന്നു 
അണ്ണാറക്കണ്ണനും 
മൈനകളും, 

കാര്യങ്ങൾ വീക്ഷിച്ച് 
ചുറ്റിനടക്കുന്നു 
കണ്ണുചുവന്നോരു 
ചെമ്പോത്തുകൾ,

ജീവന്റെയുല്ലാസ -
നൃത്തങ്ങൾ കാണവെ 
ആനന്ദമുള്ളിൽ 
നിറഞ്ഞിടുന്നു , 

മാരിയും ദു:ഖവും 
പോയിമറഞ്ഞിടും 
ചന്തമുള്ളോണം 
മടങ്ങിവരും , 

ഞാണുമുറുക്കിയൊ -
രോണവില്ലുമായി 
പുത്തനാമോണ -
ക്കിനാവുകാണാം.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി