കൃഷ്ണാഷ്ടമി
കവിത.
കൃഷ്ണാഷ്ടമി.
...........................
എന്നുടെ മാനസമെന്നും
കുരുക്ഷേത്രം,
ചപലവികാരത്തിൻ
യുദ്ധഭൂമി,
കാറ്റത്തുപായുന്ന
മേഘങ്ങൾ പോലവെ
ചിന്തയനസ്യൂതം
പാഞ്ഞുവെന്നിൽ,
ഇത്തിരി വേദന ദേഹത്തുവന്നാലോ
വൈഷമ്യമേറെ
മനസ്സിനുള്ളിൽ,
രോഗത്താലിഹലോക-
വാസം വെടിയുമോ,
ആധികളുൾഭയം
തീർത്തിടുന്നു,
പൂവണിയാത്തൊരു
മോഹങ്ങളോർക്കവെ
നൈരാശ്യബോധം
നിറഞ്ഞുവെന്നിൽ,
ശാന്തിയില്ലുള്ളിലാ -
യിത്തിരി നേരവും,
തെല്ലിടപോലുമേ
സൗഖ്യമില്ല,
മിന്നിത്തെളിയുന്നോ -
രാനന്ദമാത്രകൾ
തുച്ഛമാണെത്രയോ
ജീവിതത്തിൽ,
അഷ്ടമിരോഹിണി
നാളല്ലേ! ഇന്നെന്റെ -
യുള്ളിൽ പിറക്കുനീ
കൃഷ്ണദേവാ!
പാർത്ഥനെയൂട്ടിയ
ജീവിതവിജ്ഞാനം,
തുള്ളിയിന്നേലും
പകർന്നുതരൂ ,
അങ്ങ് തെളിക്കുമ-
റിവാം പ്രകാശത്തിൽ
മായാന്ധകാരം
പൊലിഞ്ഞിടട്ടെ,
ധ്യാനത്തിൻ മാന്ത്രിക-
സ്പർശത്താലെന്നിലെ
മമതയാംകോട്ട -
യുലഞ്ഞിടട്ടെ ,
ആനന്ദനവനീത -
മല്പം രുചിച്ചിട്ട്
വിശ്രാന്തി പുൽകട്ടെ
ഞാനുമിന്ന് ,
എന്നുമെന്നുള്ളിലെ
ശ്രീകോവിൽ തന്നിലായ്
മേവുക മേവുക
തമ്പുരാനേ!
Dr Manoj M R.
Comments
Post a Comment