അതിജീവനം
കവിത.
അതിജീവനം.
...........................
അതിജീവനത്തിൻ
കവിതകൾ ചൊല്ലുന്നു
വൻകൊടുങ്കാറ്റിലു-
മാടും പുൽനാമ്പുകൾ,
അതിജീവനത്തിൻ
ചിറകടിനാദമായ്
ദേശാടനത്തിനാ-
യെത്തിയ പൈങ്കിളി,
ലോകമഹാമാരി
കോവിഡിൻമുന്നിലായ്
ഇത്തിരിനേരം പകച്ചു
നാം നിന്നുപോയ്,
മൃത്യുഭയത്തിന്റെ
കൂരിരുൾക്കാട്ടിലായ്
വിങ്ങും മനുഷ്യന്റെ-
യാർത്തവിലാപങ്ങൾ,
അറിവാം പ്രകാശം
തിരിതെളിച്ചന്നു നാം,
വിജ്ഞാനഖഡ്ഗ-
മുറയൂരി വച്ചു നാം,
ഏകാഗ്രചിത്തവു -
മലിവുള്ള ഹൃത്തുമായ്
ആരോഗ്യസേനയെ
സജ്ജരായ് നിർത്തി നാം.
ആതുരശാലതൻ
വെള്ളച്ചുമരുകൾ
മെല്ലെ മന്ത്രിക്കുന്നു
ഉത്തമഗാഥകൾ,
ഒറ്റപ്പെടലിന്റെ ഭീതി
മറക്കുവാൻ
രാഗസംഗീതത്തി-
ന്നാഴിയിലാണ്ടവർ,
വേർപെട്ടുപോയ
കുടുംബബന്ധങ്ങളെ
ഓർത്തു വിലപിച്ചു
ദു:ഖത്തിലാണ്ടവർ,
പനിയുടെ ചൂടില -
ങ്ങാഴ്ന്നുകിടക്കവെ
സ്വപ്നലോകങ്ങളിൽ
യാത്രയായിച്ചിലർ,
ഓരോ നിശ്വാസവും
ധ്യാനമായ്ത്തീരവെ
മൃത്യുഞ്ജയത്തിനായ്
മന്ത്രം ജപിച്ചവർ,
ശ്വസനസഹായിതൻ
പ്രാണബിന്ദുക്കളെ
ഉയിരിന്റെ ചൂടിനായ്
ചേർത്തുപിടിച്ചവർ,
കാലപുരിയിലെ
നചികേതിനെപ്പോലെ
മരണരഹസ്യത്തെ -
യാരായാൻ പോയവർ,
അതിജീവനത്തിന്റെ
ഗീതങ്ങൾ പാടുന്നു,
മാരിയെ തോൽപ്പിച്ച
മാനുഷജീവിതം,
ബുദ്ധിയും ഹൃദയവു-
മേകമായ് യത്നിച്ചാൽ
നേരിടാം മാനവർ -
ക്കെല്ലാ ദുരന്തവും,
ശാസ്ത്രവിജ്ഞാനവും
യുക്തിയും കർമ്മവും
ജീവിതനന്മയ്ക്കു -
തകുമാറാകണം.
....................................
Dr Manoj M R
Consultant Paediatrician,
General Hospital,
Thiruvananthapuram.
Mob 9387836710
drmanojmrpaed@gmail.com
Comments
Post a Comment