ചിത്രപതംഗം
കവിത.
ചിത്രപതംഗം.
..........................
ചിത്രപതംഗമേ!
നിന്നഴകിൽ
ആനന്ദതുന്ദില -
മെൻഹൃദയം,
ഇന്നീ വിഭാതത്തിൻ
ചാരുതയിൽ
വെൺമേഘംപോലെ
നിൻരൂപഭംഗി,
തുള്ളിക്കളിക്കുന്ന
കുഞ്ഞിനെപ്പോൽ
തത്തിക്കളിക്കുന്ന -
തെന്തിനു നീ,
പൂക്കളെ നോക്കാതെ
നീയുമെന്തേ
പാറിപ്പറക്കുന്നു
ചന്തമോടെ,
എന്റെ പൂന്തോപ്പിലെ
പൂക്കളെല്ലാം
മധുവൂട്ടാൻ നിന്നെയും
കാത്തിരിപ്പൂ,
മുല്ലയും പിച്ചിയും മന്ദാരവും
അക്ഷമരായി
വിരിഞ്ഞുനിൽപ്പൂ,
അരുണനിറമെഴും
പനിനീർപ്പൂവും
നിന്നെ ക്ഷണിക്കുന്ന-
തറിയുന്നില്ലേ,
എന്തേ നിൻ കാഴ്ച
മറഞ്ഞുപോയോ,
നിന്റെ വിശപ്പു
മറന്നുപോയോ,
ഏകാന്തജീവിതം
താണ്ടുവാനായ്
പ്രേമസുഗന്ധം നീ
തേടുന്നുവോ,
നൈമിഷികം തന്റെ
ജീവനെന്ന്
ഉള്ളിലറിഞ്ഞുവോ -
യെന്നെപ്പോലെ,
സ്രഷ്ടാവിൻ കാരുണ്യം
തേടി നീയും
തീർത്ഥാടനത്തിനു
പോകയാണോ,
ഉള്ളിലെ ബോധ-
സ്വരൂപമാകാൻ
നീയും കൊതിക്കുന്നോ
കൂട്ടുകാരാ,
രാഗങ്ങളാണു
തടസ്സമെന്ന്
നിൻഗുരുനാഥനും
ചൊല്ലിത്തന്നോ,
ധ്യാനത്തിൻ സൗഖ്യ-
മറിഞ്ഞുവെന്നാൽ
ചിത്തത്തിൻ രാഗം
ശമിക്കുമല്ലോ,
നേരുന്നു മംഗളം
പുണ്യാത്മാവേ!
സച്ചിദാനന്ദത്തി -
ലാറാടു നീ .
.............................
Dr Manoj M R
Comments
Post a Comment