കൊറോണസ്മരണകൾ
കോവിഡ്സ്മരണകൾ ........
വാർത്തകൾ കേട്ടു ഞാൻ ,
ചീനത്തെരുവിലെ
പുത്തനാം രോഗം കൊറോണയെന്ന്,
ചത്തൊടുങ്ങീടുന്നു
മാനുഷപുത്രന്മാർ
ഈയാംപാറ്റകളെന്ന പോലെ,
മറ്റുരാജ്യങ്ങളിൽ
മിന്നിപ്പടർന്നവൻ,
ഭൂലോകമാരിയാം
പേരുകിട്ടി,
വന്നുപോയ് വന്നുപോ-
യെന്നുടെ നാട്ടിലും
പകരും ജ്വരമാ-
യിട്ടിത്രവേഗം,
പത്രങ്ങൾ വായിച്ചും
കേൾവികൾ കേട്ടിട്ടും
നിന്നെക്കുറിച്ചു
പഠിച്ചുഞാനും ,
സൂക്ഷ്മാണുജീവിയാം
കോവിഡേ നിൻമുന്നിൽ
എത്ര നിസ്സാരം
മനുഷ്യജന്മം,
പണ്ടുകാലത്തെങ്കിൽ
ദൈവത്തിൻ കോപമായ്
തെറ്റിദ്ധരിച്ചേനേ
നമ്മളെല്ലാം ,
ഭീതിയുളവാക്കും
വൃത്താന്തമെന്നിലെ
മൃത്യുഭയത്തെ -
യുണർത്തിവിട്ടു,
അജ്ഞാതഭീതിയാൽ
ജാഗ്രതയോടെ ഞാൻ
ഓരോനിമിഷവും
തള്ളിനീക്കി,
കോവിഡ് പനിയാലെ
മുന്നിലെത്തുന്നോരെ
എത്ര വെറുപ്പോടെ
നോക്കിനിന്നു,
പാതിയുറക്കത്തിൽ
ദു:സ്വപ്നം കണ്ടുഞാൻ
ഞെട്ടിയുണർന്നു -
വാശങ്കയോടെ,
നെറ്റി വിയർത്തുപോയ്
കൈകൾ തണുത്തുപോയ്
ഹൃദയമിടിപ്പിന്
വേഗമേറി,
ചിന്തകൾ പാഞ്ഞു
മനസ്സിൻവഴികളിൽ
വേട്ടയാടപ്പെടും
മാനിനെപ്പോൽ,
ഓടിക്കിതച്ചു തളർന്നു
കിടന്നുപോയ്
ഭീതിയാൽ നീറും
മിഴികളോടെ,
പ്രാണൻ ത്യജിച്ചവ -
രെത്രയോപേരുണ്ട്
വീട്ടുകാരെല്ലാ-
മനാഥരായി,
അല്ലലില്ലാതങ്ങു ജീവിച്ചുപോകുവാൻ
എത്ര പണിപ്പെട്ടു
മർത്ത്യരെല്ലാം ,
കാലം കൊഴിയവെ
വിജ്ഞാനമേറവെ
ഭീതിയൊരല്പം
മറഞ്ഞുപോയി,
എങ്കിലും കോവിഡേ!
നിസ്സാരനല്ല നീ,
ജാഗ്രതയെന്നും
തുടരവേണം.
Comments
Post a Comment