കൃഷ്ണഹൃദയം
കവിത.
കൃഷ്ണഹൃദയം .
..............................
കാളിന്ദീതീരത്തെ
ശാദ്വലഭൂമിയിൽ
ഗോപികമാരുടെ
സംഘനൃത്തം,
പൂക്കളെപ്പോലവർ
നർത്തനമാടുന്നു
കണ്ണന്റെ ചുറ്റിലും
ലാസ്യമോടെ,
തൂമണംതൂകും തുളസി-
ക്കതിർമാല്യമാകാൻ
കൊതിക്കുന്നിതം -
ഗനമാർ ,
കൂമ്പിയടഞ്ഞ
മിഴിയിണക്കുള്ളിലായ്
സ്വപ്നവനികൾ
തളിർത്തുവല്ലോ,
കോലക്കുഴൽനാദ -
രാഗഭാവങ്ങളിൽ
ആമഗ്‌നരാകുന്നു
കാമിനിമാർ ,
ഞാനെന്ന ഗർവ്വം
കൊഴിഞ്ഞുപോയാ -
നന്ദസാഗരം ഹൃത്തിൽ
നിറഞ്ഞുതൂവി ,
ഗോക്കളും പൂക്കളും
വർണ്ണക്കിളികളും
ലോകംമറന്നുപോ-
യല്പനേരം ,
ഈർഷ്യപൂണ്ടന്നേരം
യമുനാതരംഗങ്ങൾ
ആരവംതീർത്തു
നദിക്കരയിൽ,
സർവ്വപ്രപഞ്ചവു -
മേകാത്മഭാവത്തിൽ
കൃഷ്ണഹൃദയത്തിൽ
ശോഭയാർന്നു ,
സായൂജ്യപ്രേമത്തി -
ന്നാനന്ദവീചികൾ
സർവ്വലോകത്തിലും
സംക്രമിച്ചു.
🌹🌹🌹
Dr Manoj M R.
Comments
Post a Comment