പ്രിയകവി , നീയെവിടെ ?

കവിത.

പ്രിയകവി , നീയെവിടെ ?
..........................

പ്രിയകവി ! ഞാനീ
പൗർണ്ണമിരാവിൽ
നിനക്കായ് പൂത്ത
നിശാഗന്ധി,
വിസ്മയപൂരിത -
മിഴികളുമായി
അരികിൽ നീയു -
ണ്ടെന്നു ധരിച്ചു ,

എവിടെ പോയി
മറഞ്ഞു അങ്ങ് ?
ആമോദമെന്നിൽ 
മാഞ്ഞുതുടങ്ങി ,
കദനത്തിന്റെ 
കണ്ണീർമുത്താൽ
ആർദ്രതയാർന്നു
എന്റെ ദലങ്ങൾ,

ഉന്മത്തനായി
എന്നെ പുകഴ്ത്താൻ
ഇനിയും അങ്ങ്
വരുന്നില്ലെന്നോ ?
കവിയുടെ കല്പന -
യില്ലെന്നാകിൽ 
രാവിൻ റാണി -
പ്പട്ടം ശൂന്യം,

നിന്നുടെ കവിത 
പിറന്നില്ലെങ്കിൽ ,
എന്റെ സുഗന്ധം
എന്നിൽ മരിക്കും,
പ്രിയനേ ! വരികെ -
ന്നരികിൽ വേഗം,
മൃതിയെൻ ചാരെ
നിൽക്കുന്നുണ്ട് ,

ഈശ്വരലീലയി-
തെന്നുടെ ജന്മം,
കേവലമൊരുരാ-
വെന്നുടെ സമയം,
പക്ഷെ, നിന്നുടെ
വരികളിലൂടെ 
അമൃതത്വത്തെ / അമരത്വത്തെ 
പുൽകും ഞാനും ,

അഴകുതുളുമ്പും 
ഭാഷയുമായി
വന്നണയൂ ,എൻ
കാവ്യതപസ്വി !
ചൊല്ലിപ്പാടും 
കവിതയിലൂടെ 
സഫലത പുൽകും
എന്നുടെ ജന്മം .

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി