വേണുഗാനം

കവിത.

വേണുഗാനം .
............................

താഴമ്പൂ മണമുള്ള
ചോലതൻ തീരത്ത്
താഴ്‌വരക്കാടി -
ന്നഴകിൽ മുഴുകവെ,

കേൾക്കുന്നുവല്ലോ 
മധുരസ്സങ്കീർത്തനം,
വേണു പൊഴിക്കുന്ന
ഗന്ധർവ്വഗീതകം,

ഏതോ തരളഹൃദയ -
ത്തിൻ ഭാവന
നിന്നിലൂടീണമായ് -
ത്തീരും മുരളികേ,

ഇമ്പമെഴുന്നൊരാ-
പ്പാട്ടിന്റെ താളത്തിൽ 
തുടികൊട്ടിയാടുന്നു 
എന്റെ വിരൽത്തുമ്പും,

കാട്ടുമുല്ലപ്പൂവിൻ 
തേൻ നുകരുമ്പോഴും
താളത്തിലാടും 
ശലഭച്ചിറകുകൾ,

ദർഭപ്പുൽനാമ്പിലെ
മഞ്ഞുകണങ്ങളും 
ഇറ്റിറ്റുവീഴുന്നു
താളലയത്തോടെ,

മോഹനരാഗത്തിൻ 
മാസ്മരശക്തിയാൽ 
ആയാസമില്ലാതെ 
ധ്യാനത്തിലാണ്ടു ഞാൻ,

മയിൽപ്പീലി ചൂടിയ
കൃഷ്ണരൂപങ്ങളിൽ 
തങ്ങിയെൻ മാനസം
ഏകാഗ്രപൂർണ്ണമായ് ,

വേണുഗോപാലനാം
ഇടയക്കിടാവിനെ 
മുട്ടിയുരുമ്മുന്നു
അമ്മപ്പശുക്കളും,

കാളിയസ്സർപ്പത്തിൻ
നെറുകയിൽ ചടുലമായ്
നർത്തനമാടുന്നു
ശ്രീകൃഷ്ണബാലകൻ,

യമുനാപുളിനത്തിൽ 
രാധാമയിയ്ക്കായി 
ഗാനം സമർപ്പിക്കും 
വിശ്രുതകാമുകൻ,

കുരുക്ഷേത്രഭൂമിയിൽ 
അദ്വൈതമോതുന്നു,
വില്ലാളിവീരനാം 
പാർത്ഥന്റെ സാരഥി,

ആനന്ദപൂർണ്ണമാം 
ധ്യാനത്തിലാഴവെ 
ദേശകാലങ്ങൾ
കടന്നതറിഞ്ഞീല ,

മാനസചിത്രം 
മറഞ്ഞു പിന്നെങ്കിലും,
തുടരുന്നുവെന്നിലെ
ധ്യാനത്തിൻ നിർവൃതി.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി