മൗനഭാഷ

കവിത.

മൗനഭാഷ.
.......................

മിണ്ടിത്തുടങ്ങും ദിന -
ത്തിനും മുൻപായി 
ഓങ്കാരനാദം
ശ്രവിച്ചു ചിത്തിൽ,
വ്യത്യസ്തഭാഷകൾക്ക-
മ്മയായ്ത്തീർന്നൊരു
നാദസ്വരൂപമീ
ആദിമന്ത്രം,

മാതാവാം ഭാഷയിൽ
ചിന്തിക്കുന്നേരവും 
അന്തരാത്മാവിൽ 
ജപിക്കും മന്ത്രം,
വേറിട്ട ഭാഷകൾ
ചൊല്ലിടുന്നേരവും
ആധാരമാകുന്ന 
നാദരൂപം,

വേദവും കാവ്യവും 
ശാസ്ത്രവും ചിന്തയും 
തിരയുന്നുവേകമാം
ഊർജ്ജധാര,
പ്രകടമാം ലോകത്തി -
ന്നാധാരശിലയായ 
സൂക്ഷ്മകണികയാം 
ഊർജ്ജരൂപം,

ഉപനിഷദ്പ്പൊരുളിനെ
തേടുന്ന വേളയിൽ 
ജ്ഞാനികളറിയുന്നു 
മൗനഭാഷ,
ഓങ്കാരനാദത്തി -
ന്നപ്പുറമുള്ളൊരു 
പരമപ്രശാന്തമാം 
മൗനബോധം,

താനാണതെന്നുള്ള 
ബോധ്യമുദിക്കവെ 
ധ്യാനിയും മൗനത്തി-
ലാണ്ടുപോകും ,
ജ്ഞാനവും മൗനവും
അസ്തിത്വബോധവും 
ഒന്നായിണങ്ങിയ 
മൗനഭാഷ.

🌹🌹🌹🌹🌹🌹

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി