നീലക്കുറിഞ്ഞികൾ
കവിത.
നീലക്കുറിഞ്ഞികൾ .......................................
നീലക്കുറിഞ്ഞികൾ
പൂത്തുനിന്നീടവെ
കുന്നുകളുദ്യാന -
ശോഭയാർന്നു ,
നീലനിറമുള്ള
പൂക്കടൽ കാണവെ
എന്മനമാനന്ദ -
സാന്ദ്രമായി ,
മന്ദസമീരനിൽ
ചാഞ്ചാടും പുഷ്പങ്ങൾ
എത്ര മനോഹരം!
എന്തു ഭംഗി !
സംവത്സരങ്ങളായ്
കാണാതിരുന്നവർ
കൊഞ്ചിക്കുഴയു -
മ്പോലാടിടുന്നു ,
തന്റെ സ്വകാര്യങ്ങൾ
പങ്കുവയ്ക്കുന്നവർ,
സങ്കൽപ്പസ്വർഗ്ഗങ്ങൾ
തീർത്തിടുന്നു ,
ആകാശനീലിമ
പുഷ്പദലങ്ങളിൽ
വർണ്ണം പകർത്തിയോ
സ്നേഹമോടെ,
തലയെടുപ്പുള്ള
വരയാടിൻ കൂട്ടങ്ങൾ
ഉദ്യാനപാലക -
രായി നിൽക്കെ,
തേൻ കുടിച്ചുന്മത്ത -
രായ കിളിക്കൂട്ടം
ലോകരെയെല്ലാം
ക്ഷണിച്ചുവല്ലോ,
പുഷ്പദലങ്ങളിൽ
വീണുറങ്ങീടുന്ന
മഞ്ഞുകണങ്ങൾ
മധുരമാർന്നു ,
സൗമ്യസ്സുഗന്ധം
നുകർന്ന മാനുഷരും
മൗനരായ് ,
ധ്യാനനിരതരായി,
വർണ്ണപ്രപഞ്ചത്തിൻ
ചാരുത കാണുമ്പോൾ
നമ്മെ മറക്കും നാ-
മല്പനേരം,
ആകുലചിന്തകൾ
പാടേ മറന്നിട്ട്
ഇത്തിരിനേരം നാം
ശാന്തരാകും ,
ഇനിയും നീ പൂക്കുന്ന
വ്യാഴവട്ടക്കാലം
കാത്തിരിപ്പുണ്ട്
മാലോകരെല്ലാം ,
പുത്തൻ മിഴികളും
പുത്തൻ കവിതയും
അന്നുമുണ്ടാകും,
സന്ദേഹമില്ല.
🫐🫐🫐🫐🫐🫐
Dr Manoj M R.
Comments
Post a Comment