വാരാണസി
ഭാരതഭൂവിലെ
പുണ്യനഗരിയാം
കാശിയെ കാണു
വാനെത്തി
ശ്രീവിശ്വനാഥൻ്റെ
പാദം പതിഞ്ഞോരു
പുണ്യസ്ഥലി
വാരാണസി
താണ്ഡവമാടുന്ന
ശൈവരൂപ-
മെനിക്കെന്നും
പ്രിയങ്കരമല്ലോ
ആ മഹാദേവൻ്റെ
കൃപയിൽ ലയിക്കുവാൻ
അഭിവാഞ്ഛയോടെ-
യങ്ങെത്തി
സായന്തനത്തി -
ലിളംകാറ്റുമേറ്റു ഞാൻ
ഗംഗതൻ തീര-
ത്തിരുന്നു
അലകളുയർത്തി
അനുഗ്രഹിച്ചീടുന്നു
ആനന്ദതുന്ദില
ഗംഗ
പോക്കുവെയിലിൻ്റെ
ലാളനയേറ്റങ്ങ്
വെട്ടിത്തിളങ്ങുന്നു
ഗംഗ
തിരകളിൽ തുള്ളി
ക്കളിക്കുന്ന വഞ്ചിയിൽ
ഉയരുന്നു
ഗായത്രിമന്ത്രം
വെള്ളനിറമുള്ള
നീർക്കാക്ക കൂട്ടമായ്
പാറിപ്പറക്കുന്നു
വാനിൽ
വിസ്തൃതഗംഗയെ
കാണുന്ന വേളയിൽ
എത്ര വിശാലമെൻ
ഹൃദയം
കാലത്തെപ്പോലെ
യൊഴുകും ഭഗീരഥി
മനുജൻ്റെ മാനസം
പോലെ,
ഭൂതകാലത്തിലെ
ഓർമ്മയും ഭാവിയും
ഒഴുകുന്നു
സമയത്തിലൂടെ,
ഗംഗയിൽ മുങ്ങുവാൻ
പാപം ഹരിക്കുവാൻ
ഇച്ഛിച്ചു പോകുന്നു
നമ്മൾ,
ഈ വാരാണസിയിൽ
മുക്തിയെ പുൽകുവാൻ
ആഗ്രഹിച്ചെത്തുന്നു
വൃദ്ധർ,
മണിഘർണ്ണികാഘട്ടിൽ
കാണുന്നു വ്യക്തമാം
ജീവിത വൈരുധ്യ
മേളം
ദു:ഖവും ഹർഷവും
തെറ്റും ശരികളും
കലരുന്ന ജീവിത
ചിത്രം
വിടരുന്ന മുഖമോടെ
വാത്സല്യമോടങ്ങ്
കുഞ്ഞിനെ ലാളി
ക്കുമമ്മ ,
വർണ്ണച്ചിറകുള്ള
പട്ടം പറത്തുന്നു
ഉല്ലാസവാനായ
ബാലൻ,
അമ്പലമണിയുടെ
നാദത്തിനൊപ്പമായ്
മുരളിക മീട്ടും
യുവാവ്,
പൂക്കളും വളകളും
മാലയും വിൽക്കുന്ന
പെണ്ണിൻ്റെ കണ്ണിൽ
പ്രതീക്ഷ
അങ്ങേത്തലയ്ക്കലോ
നിരകളായ് കാണുന്നു
കത്തിയെരിയും
ചിതകൾ
പൊട്ടിത്തെറിക്കുന്ന
കനലുകൾക്കൊപ്പമായ്
വാനിലേക്കുയരുന്നു
ധൂമം
പൊട്ടിക്കരയുന്നോ
രമ്മയുമച്ഛനും
ചിതപോലെ
യെരിയുന്നു ദു:ഖം
ഉന്നതമാമൊരു
ജീവിതമാകിലും
മരണം ചിരന്തന
സത്യം
ചമയങ്ങളോടെ
ഒരുങ്ങിയിരിക്കുന്നു
ബനാറസ് പട്ടിൽ
നവോഢ,
അഴുക്കുപുരണ്ടോരു
ജീർണ്ണവസ്ത്രത്തിലും
തേജസ്വരൂപി
തപസ്വി
യാചകരായി
നടിക്കുന്ന ലോകരും
വഴിയോരമെല്ലാ
മിരിപ്പൂ
മധുരവും ചായയും
വിറ്റഴിക്കാനായി
മാടി വിളിക്കുന്നു
കൂട്ടർ
ബലികർമ്മം ചെയ്യുവാൻ
പീഠമൊരുക്കിയ
രുദ്രാക്ഷധാരിയാം
പണ്ഡിറ്റ്,
വിറയ്ക്കും വിരലിനാൽ
ബലിച്ചോറുരുട്ടുന്നു
പൂണൂൽ ധരിച്ചോരു
ബാലൻ
ജടയും ത്രിശ്ശൂലവും
തലയോട്ടിമാലയും ,
പേടിപ്പെടുത്തുന്ന
രൂപം
തന്ത്രമന്ത്രങ്ങളെ
സ്വായത്തമാക്കും
അഘോരിസ്സന്യാസിയെ
കാണാം
ചിതയിലെ അഗ്നിയാൽ
മാനം ചുവന്നുവോ
പകലിൻ്റെ മരണ
മിങ്ങെത്തി
ഗംഗാമാതാവിന്
ആരതിയർപ്പിക്കാൻ
അടുക്കുവിളക്ക്
തെളിഞ്ഞു ,
വാഴ്ത്തുന്ന കീർത്തന
ഗാനത്തിനൊപ്പമായ്
ദീപങ്ങളുയരുന്ന
തീരം
ദിനവും പുഴകളെ
പൂജിക്കും സംസ്കാരം
വേറെയുണ്ടാകുമോ
പാരിൽ
നൂറ്റാണ്ടുകാലമായ്
ഒഴുകും ഭഗീരഥി
ജന്മങ്ങളെത്രയോ
കണ്ടു
ഞാനുമർപ്പിക്കുന്നു
സ്നേഹമോടെ
ഒരു നെയ്ത്തിരി ദീപവും
പൂവും
സമയം കഴിഞ്ഞു പോയ്
സന്ധ്യയകന്നു പോയ്
വന്നു നിശീഥിനി
മെല്ലെ,
മാനത്ത് തെളിയുന്നു
അർദ്ധ ചന്ദ്രക്കല
ജാഹ്നവിയൊഴുകുന്നു
കീഴെ
നേർത്ത നിലാവിലായ്
മേഘം ചമയ്ക്കുന്നു
ശ്രീകാശിനാഥൻ്റെ
രൂപം
നിർമ്മമനായങ്ങ്
ധ്യാനിച്ചിരിക്കുന്ന
ശ്രീവിശ്വനാഥൻ്റെ
ദൃശ്യം
അറിയാതെയാണ്ടുപോയ്
ഞാനുമെന്നുണ്മയിൽ
കാശിയും കാലവും
മാഞ്ഞു
ധ്യാനത്തിലദ്വൈത
ബോധം സനാതന -
സത്യമായുള്ളിൽ
ജ്വലിപ്പൂ
ര
Comments
Post a Comment