കുംഭമേള

ആകാശയാത്രയിൽ
ദേവകളറിയാതെ
അമൃതകുംഭമല്പം
ചരിഞ്ഞു പോയി
പാലാഴി കടഞ്ഞു
ലഭിച്ച സുധയിലെ
ഒരു കണം മെല്ലെ
തുളുമ്പി വീണു

വീണയിടമൊരു
യാഗഭൂമിയായി
പ്രയാഗ എന്നു
പ്രസിദ്ധമായി,
ആത്മസഞ്ചാരികൾ
അമൃതം ഭുജിക്കുവാൻ
പോകാൻ കൊതിക്കുന്ന
ഭൂമിയായി,

പീയൂഷഗന്ധത്താൽ
ആകൃഷ്ടരായിട്ട്
യമുനയും ഗംഗയും
ഒഴുകിയെത്തി,
പരിശുദ്ധനദിയാം
സരസ്വതി മുന്നാലെ
പൂഴിക്കടിയിൽ
പതുങ്ങിയെത്തി,

മൂന്നുപുഴകളും 
സംഗമിച്ചീടുന്ന
പ്രയാഗതീർത്ഥം
പവിത്രമായി
കർമ്മവും ഭക്തിയും
ജ്ഞാനമാർഗ്ഗങ്ങളും
ഒന്നായിത്തീരുന്ന
ബിന്ദുപോലെ

സത്വരജസ്സും 
തമസ്സും ഗുണങ്ങളായ്
മാനസനദിയാ -
യൊഴുകുമ്പോലെ,
പ്രയാഗരാജിൽ
നദികളൊഴുകുന്നു
സ്നാനഘട്ടങ്ങൾ
ക്കരികിലൂടെ

സംഗമത്തിൽ മുങ്ങി
മോക്ഷമണഞ്ഞിടാം,
മാലോകരെല്ലാം 
കരുതിടുന്നു,
ഒപ്പം ഋഷികളെ
വന്ദിച്ചു പൂജിക്കാം,
അനുഗ്രഹാശിസ്സുകൾ
നേടി വരാം

പുണ്യകർമ്മത്തിൻ
വിധികളുണ്ടെങ്കിലേ
കുംഭമേളങ്ങളിൽ
പങ്കുചേരൂ,
ഭക്തമനസ്സുമായ്
പങ്കെടുത്തെങ്കിലേ
സായൂജ്യമുള്ളിൽ
തിരയടിക്കൂ

ഹൃദയസരസ്സിൽ
കുളിച്ചു നിവരുമ്പോൾ
ആന്തരികമാകും
കുംഭമേള 
ശുദ്ധ ബോധത്തിൽ
കുളിച്ചാലോ , മാനസം
അമൃതകണത്തിൻ 
രുചിയറിയും

ആത്മജ്ഞാനത്തിൻ്റെ
അറിവു ഭുജിച്ചാലേ
ധന്യതയുള്ളിൽ
സ്ഫുരിക്കയുള്ളൂ,
അമൃതം സനാതന
സത്യമെന്നറിയുവാൻ
സാക്ഷാത്കരിക്കണം
ആത്മബോധം 













Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി