സാരനാഥിലെ ബുദ്ധൻ




സാരനാഥിലെ എൻ ശ്രീബുദ്ധാ !
നിൻ്റെ മന്ദഹാസം 
എത്ര മധുരം,
മൗനം ഭജിക്കുന്ന ശ്രീബുദ്ധാ !
നിൻ്റെ നയനങ്ങൾ 
എത്ര വിശുദ്ധം,

ഇമകളടച്ചു നീ 
ധ്യാനിച്ചിരിക്കുമ്പോൾ
കനവുകളുണ്ടോ
മനസ്സിൽ,
രാഹുലപുത്രൻ്റെ
ജീവിതമെന്തെന്ന
ആകാംക്ഷയുണ്ടോ
മനസ്സിൽ, 

സത്യം തിരഞ്ഞു നീ
അലയുന്ന വേളയിൽ
മറക്കുവാനായോ
നിൻ പത്നിയെ,
ഒന്നിച്ചു പുൽകിയ
സുന്ദര നിമിഷങ്ങൾ
ഓർമ്മിച്ചു വെന്തുവോ
 ഹൃദയം?

മഞ്ഞു പെയ്യുന്ന മരച്ചുവട്ടിൽ 
രാത്രിയെങ്ങനെ കിടന്നു
നീ ഏകനായ്,
ഉള്ളം മഥിക്കുന്ന വേദനയിൽ
രാത്രിയെങ്ങനെ ഉറങ്ങി
നീ സ്വസ്ഥനായ്?

നിരഞ്ജനാതീരത്തെ ആൽമരച്ചോട്ടിൽ നീ
ധന്യത പുൽകിയ
 നിമിഷം,
നിത്യദുഃഖത്തിന് 
ശാശ്വതപരിഹാരം
ഉള്ളിൽ തെളിഞ്ഞോ 
നിനക്ക് ?

സാരനാഥിലെ നിൻ
ആദ്യപ്രബോധനം
മനുഷ്യ മനസ്സിൽ
തളിർത്തു,
ആയിരമായിരം
വർഷം കഴിഞ്ഞിട്ടും
സുഗന്ധം പരത്തുന്നു
നിത്യം,

മതവൈരത്താലെ
തകർത്തു നിൻ ശില്പവും
പിന്നീടു വന്ന 
മനുഷ്യർ,
അവരോടു പോലും
ക്ഷമിക്കുന്ന കാരുണ്യം
നിൻ ഹൃദയത്തിൽ
ഉദിപ്പൂ ,

അറ്റുപോയ് നിന്നുടെ
ചെവിയും വിരൽത്തുമ്പും,
തോളുകൾ പൊട്ടി -
ത്തകർന്നു,
എങ്കിലും നിന്നുടെ 
വദനത്തിലെപ്പോഴും
പരമമാം ശാന്തി -
പ്രകാശം

നിൻ മധുഹാസത്തിൻ ഭംഗി നുകരവെ
എൻ ഹൃദയത്തിലും
ശാന്തി,
നിന്നുപദേശങ്ങൾ
വിത്തുകളായെന്നിൽ
പൊട്ടി മുളയ്ക്കട്ടെ
വേഗം .















Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി