രാംലല്ല

ഇപ്പോഴെങ്കിലും
കാണാൻ കഴിഞ്ഞല്ലോ രാംലല്ലാ ! നിന്നുടെ
ദിവ്യരൂപം ,
ജന്മാന്തരമായി
ഞാനും കൊതിച്ചല്ലോ
നിന്നുടെ ലാവണ്യം
ആസ്വദിക്കാൻ,

ഈ  ദിനമെങ്കിലും
എത്താൻ കഴിഞ്ഞല്ലോ
രാംലല്ലാ! നിന്നുടെ
മുന്നിലായി,
ആശിച്ച നേരത്ത-
യോധ്യയിലെത്തുവാൻ
തടസ്സങ്ങളെത്രയോ
താണ്ടി ഞാനും,

കൊട്ടാരംപോലെ നിൻ
അമ്പലമെങ്കിലും
നിസ്വർ നിനക്കെന്നും
പ്രിയമുള്ളവർ,
നിൻ്റെ പ്രഭാവത്താൽ
ഈ ക്ഷേത്രഭൂമിയും
പാവങ്ങൾക്കെന്നെന്നും
ജന്മഗൃഹം,

അഞ്ചു വയസ്സുള്ള
ബാലകരാമാ ! നിൻ
തിരുമുഖം കാണുവാ-
നെന്തഴക്,
കളങ്കമില്ലാത്ത നിൻ 
പുഞ്ചിരി കാണവെ 
ഹൃദയത്തിലാനന്ദ -
ത്തിരയിളക്കം,

നിൻ കടക്കണ്ണിലെ
കുട്ടിക്കുറുമ്പിലും
കാരുണ്യഭാവം
മറഞ്ഞിരിപ്പൂ ,
നിൻ കവിളിണയിലെ
അരുണിമ കാണവെ
ചെന്താമരപ്പൂക്കൾ
ഓർമ്മ വന്നു,

നിൻ കൈയ്യിലേന്തിയ
ധനുസ്സും ശരങ്ങളും
സംരക്ഷണത്തിൻ്റെ
മുദ്രയല്ലേ,
നിന്നെ സ്മരിച്ചാലും
നിന്നെ ഭജിച്ചാലും
മാനസമെപ്പോഴും
ധീരമാകും,

തുളസിദാസനായി
നിൻ കഥ ചൊല്ലുവാൻ
സാഹിത്യമില്ലല്ലോ
എൻ മനസ്സിൽ,
ത്യാഗരാജനായി
നിന്നെ പ്രകീർത്തിക്കാൻ
സംഗീതമില്ലല്ലോ
എന്റെ ഹൃത്തിൽ,

എങ്കിലും രാഘവാ ! നിൻ 
നാമം കേൾക്കുമ്പോൾ
പ്രസന്നമാകുന്നു
അന്തരംഗം,
നിൻ നാമം ധാരയായ്
ജപിക്കുന്ന മാത്രയിൽ
ഏകാഗ്രമാകുന്നു
എൻ മനസ്സും,

ആനന്ദരൂപമേ !
എൻ ഹൃദയത്തിലും
കാന്തിയോടെന്നും
വസിക്കണമേ,
ശ്രീരാമഭക്തിയും
പ്രേമസായൂജ്യവും
ആത്മവിഭിന്നമ-
ല്ലറിയുന്നു ഞാൻ.


















Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി