ശലഭമേ നീ

നീലനഭസ്സിലെ വെള്ളിമേഘങ്ങളെ
വെറുതെയലസമായ്
വീക്ഷിക്കുമ്പോൾ,
നല്ലിളങ്കാറ്റിൻ്റെ 
അലയിലൊഴുകി നീ
മെല്ലെ മെല്ലെയെൻ്റെ
മുന്നിൽ വന്നു ,

മിന്നിത്തിളങ്ങുന്ന
വർണ്ണച്ചിറകുകൾ
പയ്യെ പയ്യെ നീ
വിടർത്തിടുമ്പോൾ,
എന്തൊരഴകാണ്
ചിത്രശലഭമേ !
മോഹിനിയാട്ടങ്ങൾ
കാണുമ്പോലെ,

ചെമ്പകപ്പൂവിലും
മുല്ലപ്പൂമൊട്ടിലും
തത്തിക്കളിക്കുന്ന
നിന്നെക്കണ്ടാൽ,
അമ്മിഞ്ഞപ്പാലുണ്ണാൻ
അമ്മയ്ക്കടുത്തേയ്ക്ക്
ചാടിത്തെറിക്കുന്ന
കുഞ്ഞിനെപ്പോൽ,

തേനുണ്ണുവാനായി
പൂവിലിരിക്കുമ്പോൾ
പുന്നാരം ചൊല്ലുന്ന -
തെന്താണു നീ?
ഒട്ടും നോവിക്കാതെ
പൂവിൻ ദലങ്ങളിൽ
എത്ര സമർത്ഥമായ്
നീയിരിപ്പൂ ,

തേനുണ്ണുന്നേരത്ത്
നിൻ്റെ മനസ്സിലും
സ്വർണ്ണക്കിനാവുകൾ
കണ്ടുവോ നീ,
പൂവിൻ പരാഗങ്ങൾ
ഏറ്റുവാങ്ങീടുമ്പോൾ
നന്ദി പറഞ്ഞുവോ
മന്ദാരങ്ങൾ,

പൂന്തേൻ കഴിച്ചു 
വയറു നിറഞ്ഞുവോ?
ചിറകു വിടർത്തുവാൻ
മടിയുണ്ടല്ലോ,
ലേശമിരുന്നോളൂ
എൻ വിരൽത്തുമ്പിലായ്,
നോവിക്കയില്ല ഞാൻ
വാക്കു തരാം ,

ശ്രദ്ധിച്ചു ശ്രദ്ധിച്ചു
ശ്വാസമെടുത്തു ഞാൻ,
ദേഹമനക്കാതെ
കാത്തിരുന്നു,
മെല്ലെയെൻ ചുറ്റും
പറന്നു പറന്നു നീ
കവിളിലുരുമ്മി ,
മറഞ്ഞുപോയി ,

നിന്നെത്തിരഞ്ഞു
പരിസരമൊന്നാകെ,
എങ്ങുമേ കാണാൻ
കഴിഞ്ഞതില്ല ,
ഇത്തിരിനേരം പകർന്നു
തന്നല്ലോ നീ
ആനന്ദത്തിൻ്റെ
തിരുമധുരം,

ആകുലചിന്തകൾ
കൂട്ടമായ് വന്നല്ലോ,
ആകാംക്ഷയുള്ളിൽ
നിറഞ്ഞുവല്ലോ,
നിൻ്റെയഭാവത്താ -
ലെൻ്റെ ഹൃദയത്തിൽ
നോവിൻ്റെ നേർത്ത
കണങ്ങളിറ്റി,

വർണ്ണപ്പകിട്ടുള്ള
ചിത്രപതംഗമേ!
ഓർമ്മയായെന്നും
നീ ഉള്ളിലുണ്ട്,
എത്തുമോ നീയെൻ്റെ
സ്വപ്നപ്പൂവാടിയിൽ
വാസന്തമധുരം
നുകരുവാനായ്,

നശ്വരം നമ്മുടെ
ജീവിതയാത്രകൾ,
എങ്കിലും നീയെത്ര
ധന്യവതി,
നീയുമെനിക്കേകി
ജീവിതപാഠങ്ങൾ
സർവ്വപ്രപഞ്ചവും
സാക്ഷി നിൽക്കെ,

ഇവിടെയീ നിമിഷമേ
ഉണ്മയും സത്യവും
അനുഭൂതിദായക -
മായി നിൽപ്പൂ ,
ഭൂതവും ഭാവിയും
ചിന്താതലത്തിലെ
ഉണ്ടെന്നു തോന്നുന്ന
വിഭ്രമങ്ങൾ.











Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി