ഹൃദയത്തിൻ പാട്ടുകാരൻ

വഴിയോരത്തിരുന്നുകൊണ്ട്
വെയിലേറ്റു തളരുമ്പോഴും,
ഒറ്റയ്ക്കൊരു മനുഷ്യരൂപം
പാടുന്നൊരു സുന്ദരഗാനം,
കാഴ്ചക്കൊരു വൃദ്ധസ്സ്വരൂപം
നിറംമങ്ങിയുടുപ്പും മുണ്ടും,
നോവിൻ്റെ ഖനിയിൽ നിന്നും
പാടുന്നൊരു മോഹനഗാനം,

ഉയിരിൽ നിന്നുയരും പാട്ട്
ആകാശത്തൊഴുകി നടപ്പൂ ,
സാകൂതം വീക്ഷിക്കുന്നു
കുയിലുകളും മഞ്ഞക്കിളിയും,
ഹൃദയത്തെ മഥിക്കും ഗാനം
ചുടുകാറ്റിനെ നിശ്ചലമാക്കി,
വിരഹത്തിൻ തീക്ഷ്ണസ്വരങ്ങൾ
വെയിലിൻ്റെ ചൂടിനെയേറ്റി,

നാദത്തിൻ വിശുദ്ധിയാലേ,
രാഗത്തിൻ സമൃദ്ധിയാലേ,
താളത്തിൽ പാടും പാട്ട്
എന്നുള്ളിൽ പ്രതിധ്വനിച്ചു,
ശ്രുതിയൊന്നിൽ രാകിയെടുത്ത
സ്വരമായിട്ടൊഴുകും പാട്ട്,
ഈണത്തിൻ പുഴകളിലൂടെ
എന്നുള്ളിൽ വന്നു നിറഞ്ഞു,

സ്നേഹത്തിൻ പാട്ടുകാരാ!
നാദത്തിൻ സേവകനോ നീ,
നിൻ ഗാനം കേട്ടിട്ടെൻ്റെ
മിഴിയിണകൾ ഈറനണിഞ്ഞു,
കരളിൻ്റെയുള്ളിൽ നിന്നും
ഒഴുകുന്ന  ദുഃഖവികാരം,
ഇന്നെൻ്റെ ഹൃദയത്തിങ്കൽ
കടലോളം വേദന തന്നു,

ഇനിയെപ്പോൾ കാണും നിന്നെ,
ഇനിയെപ്പോൾ കേൾക്കും നിന്നെ,
ഈ വഴിയിൽ എന്നും പോകും
സ്ഥിരയാത്രികനല്ലല്ലോ ഞാൻ,
നിൻ പാട്ടിൻ ഈണത്താലെ
നിൻ പാട്ടിൻ മധുരത്താലെ,
അറിയാതെ ഞാനും മൂളി
അകതാരിൽ നിന്നുടെ ഗാനം .








 



Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി