ഉസ്താദ്
നേരം പുലരവെ
നേർത്ത മയക്കത്തിൽ,
തങ്കക്കിനാവുകൾ
വന്നണഞ്ഞു,
പൂനിലാപ്പൊയ്കയിൽ
നീന്തിത്തുടിക്കുന്നു
സ്വർഗ്ഗലോകത്തിലെ
രാജഹംസം,
വൃശ്ചികരാത്രിയിൽ
പൂങ്കാവനത്തിലെ
വെൺനിശാഗന്ധികൾ
പൂത്തു നിൽക്കെ,
അഴകുള്ള രജനിയിൽ
അലയുന്ന കാറ്റിന്
പാലകൾ പൂത്തു
സുഗന്ധമേകി,
മാവിലത്തുമ്പിലെ
മഞ്ഞുകണങ്ങളിൽ
മാനത്തെയമ്പിളി
ചുംബിക്കവെ,
പ്രിയനാം കലാകാരൻ
സാക്കിർ ഉസ്താദിൻ്റെ
മെഹ്ഫിലിൻ വേദി
സജീവമായി,
മായികഭാവത്തിൽ
പാടുന്നു സാരംഗി,
സുന്ദരരാഗം, ഹാ!
യമൻ കല്യാൺ,
സംഗീതസാന്ദ്രമാം
നിശീഥയാമത്തിൽ,
പാരിജാതപ്പൂക്കൾ
താളമിട്ടു,
മുത്തുകൾ വീണു
ചിതറുന്നപോലെ നിൻ
തബല പൊഴിക്കുന്നു
ശുദ്ധനാദം,
നിൻ വിരൽത്തുമ്പുകൾ
വേഗത്തിലോടവെ
വിസ്മയനാദങ്ങൾ
കേട്ടു വാനിൽ ,
കേറിയിറങ്ങിയും
ചാഞ്ഞുചാഞ്ചാടിയും
നിൻ്റെ വിരലുകൾ
ആടിടുമ്പോൾ,
കഥയും കവിതയും
നാദത്തിൻ ഭാഷയിൽ
ആവിഷ്കരിക്കുന്നു
നിൻ തബല,
സ്നേഹം നിറയുന്ന
മാന്ത്രികഭാഷയിൽ
ചൊല്ലുകൾ ചേർത്തു നീ
വായിക്കുമ്പോൾ,
നിർവൃതിയാലെൻ്റെ
തരളഹൃദയത്തിൽ
ആഹ്ളാദവീചികൾ
നൃത്തമാടി,
എങ്ങനെ കിട്ടിയീ
പ്രതിഭയെൻ ഉസ്താദേ,
മനുഷ്യനോ നീയൊരു
ഗന്ധർവ്വനോ?
മുജ്ജന്മത്താലേ
പകർന്നു ലഭിച്ചതോ?
ശാപം ലഭിച്ചോരു
ദേവനോ നീ?
അള്ളാരാഖാ! നിൻ്റെ
ചെവികളിലോതിയ
ചൊല്ലിൻ്റെ മാന്ത്രിക
ശക്തിയാലോ,
ശിവപ്പെരുമാളിൻ
ഉടുക്കിൻ്റെ താളങ്ങൾ
കേട്ടു പഠിച്ചുവോ
നിന്നാത്മാവ്,
ഉത്സവമേളം കഴിഞ്ഞു -
പോയോ, എൻ്റെ
സ്വപ്നവുമെങ്ങോ
മറഞ്ഞുപോയോ,
പാലപ്പൂഗന്ധമെ -
ന്നുള്ളിൽ വിലയിക്കെ ,
ഒരു നുള്ളു വേദന
നെഞ്ചകത്തിൽ,
ഇല്ലല്ലോ നീയിനി
ഭൂമുഖവേദിയിൽ ,
പുതുപുത്തൻ നാദങ്ങൾ
കേൾപ്പിക്കുവാൻ,
അസൂയ മൂത്തു
തിരികെ വിളിച്ചതോ,
സ്വർഗ്ഗകുമാരന്മാർ
നിന്നെ വേഗം,
തടയാൻ കഴിയില്ല
വിധിയെന്ന കാലനെ,
ജീവതാളം പോലും
സമയബദ്ധം,
മനുജനും ദേവനും
സർവ്വപ്രപഞ്ചവും
കാലത്തിനുള്ളിലെ
നീർപ്പോളകൾ,
തുടങ്ങിക്കഴിഞ്ഞുവോ
സ്വർഗ്ഗസദസ്സിലെ
പ്രസിദ്ധമായ നിൻ
ഗസൽരാവുകൾ,
സ്വപ്‌നച്ചിറകുമായ്
ആകാശം ചുറ്റി ഞാൻ
ഗന്ധർവ്വലോകത്തി -
ലെത്തും വേഗം .
Comments
Post a Comment