പ്രിയകവി , നീയെവിടെ ?
കവിത. പ്രിയകവി , നീയെവിടെ ? .......................... പ്രിയകവി ! ഞാനീ പൗർണ്ണമിരാവിൽ നിനക്കായ് പൂത്ത നിശാഗന്ധി, വിസ്മയപൂരിത - മിഴികളുമായി അരികിൽ നീയു - ണ്ടെന്നു ധരിച്ചു , എവിടെ പോയി മറഞ്ഞു അങ്ങ് ? ആമോദമെന്നിൽ മാഞ്ഞുതുടങ്ങി , കദനത്തിന്റെ കണ്ണീർമുത്താൽ ആർദ്രതയാർന്നു എന്റെ ദലങ്ങൾ, ഉന്മത്തനായി എന്നെ പുകഴ്ത്താൻ ഇനിയും അങ്ങ് വരുന്നില്ലെന്നോ ? കവിയുടെ കല്പന - യില്ലെന്നാകിൽ രാവിൻ റാണി - പ്പട്ടം ശൂന്യം, നിന്നുടെ കവിത പിറന്നില്ലെങ്കിൽ , എന്റെ സുഗന്ധം എന്നിൽ മരിക്കും, പ്രിയനേ ! വരികെ - ന്നരികിൽ വേഗം, മൃതിയെൻ ചാരെ നിൽക്കുന്നുണ്ട് , ഈശ്വരലീലയി- തെന്നുടെ ജന്മം, കേവലമൊരുരാ- വെന്നുടെ സമയം, പക്ഷെ, നിന്നുടെ വരികളിലൂടെ അമൃതത്വത്തെ / അമരത്വത്തെ പുൽകും ഞാനും , അഴകുതുളുമ്പും ഭാഷയുമായി വന്നണയൂ ,എൻ കാവ്യതപസ്വി ! ചൊല്ലിപ്പാടും കവിതയിലൂടെ സഫലത പുൽകും എന്നുടെ ജന്മം . 🌹🌹🌹🌹🌹🌹 Dr Manoj M R.