Posts

Showing posts from April, 2021

മെയ്ദിനചിന്തകൾ

കവിത. മെയ്ദിനചിന്തകൾ .... .................................... പലതുള്ളി പെരുവെള്ളമ്പോൽ  സംഘടനാശക്തിയുണർന്നു, അവകാശം നേടിയെടുക്കാൻ  അകതാരിൽ കരുത്തുയർന്നു, നീതിക്കായ് യുദ്ധം ചെയ്യാൻ യത്നിച്ചു തൊഴിലാളികളും, അന്യായം ചോദ്യം ചെയ്യാൻ ഉണരുന്നു പൗരബോധം, സ്വാതന്ത്ര്യം പുൽകും നെഞ്ചിൽ  അറിവിന്റെ ജ്യോതി തെളിഞ്ഞു, മനുഷ്യത്വം തിങ്ങും ചിന്ത  മനതാരിൽ പൂത്തുവിടർന്നു, മിഴിയിൽ പ്രത്യാശയുമായി, ഹൃദയത്തിൽ സ്നേഹവുമായി, ഭുവനത്തിൽ സ്വർഗ്ഗമൊരുക്കാൻ യത്നിക്കും മനുഷ്യവർഗ്ഗം  🌹🌹🌹 Dr Manoj M R.

പുസ്തകത്താളുകൾ

നുറുങ്ങുകവിത. പുസ്തകത്താളുകൾ....................................... ചേലുള്ള കൂട്ടായി - രുന്നെന്നും പുസ്തകം, ജീവിതക്ലേശത്തി - ലാത്മബന്ധു, മണമോലും പുസ്തക- ത്താളിലെയക്ഷരം ചിദംബരത്തിൽ കിനാക്കളായി, എന്നെ ഞാൻ കാണും മുകുരമായ്  ഗ്രന്ഥങ്ങൾ, പുത്തൻപ്രതീക്ഷതൻ പൂമൊട്ടായി, ഏകാഗ്രചിത്തത്തിൻ ധ്യാനസപര്യയിൽ  എന്നെ നയിക്കുന്ന  ദീപമായി. 🌹🌹🌹 Dr Manoj M R.

ദോശയും കവിതയും

ദോശയും കവിതയും .... ........................ ആശയമാകും മാവുകലക്കി മേമ്പൊടിയായി ഭാവം ചേർത്തും, കല്പനയാകും ദോശക്കല്ലിൽ ചുട്ടോരക്ഷരമല്ലേ  കവിത. 🌹🌹🌹 Dr Manoj M R.

രമണസദ്ഗുരു

പ്രാർത്ഥന. രമണസദ്ഗുരു . ............................ ഹൃദയത്തിന്റെ - യടിത്തട്ടിൽ  നിർമ്മലമാമൊരു പൊരുളായി വാഴും സദ്ഗുരു രമണേശാ ! വഴികാട്ടീട്ടുക - യെന്നെന്നും, ഹൃദയത്തിന്റെ - യുള്ളറയിൽ അവബോധമാം സത്തായി വാഴും സദ്ഗുരു  രമണേശാ ! വഴികാട്ടീട്ടുക - യെന്നെന്നും, ആനന്ദത്തിൻ കൊടുമുടിയേ, കാരുണ്യത്തിൻ സാഗരമേ, ദു:ഖനിവൃത്തി ലഭിപ്പോളം വഴികാട്ടീടുക - യെന്നെന്നും. 🌹🌹🌹  Dr Manoj M R.

വിഷുക്കണി

കവിത. വിഷുക്കണി. ....................... വ്യാധി പരത്തുന്നി - രുളിന്നിടയിലും  ആഗതമായി വിഷുപ്പുലരി, നവ്യപ്രതീക്ഷതൻ പൊന്നിൻകിരണമായ് ആമോദമോടെ കണിപ്പുലരി, ഉള്ളിൽജ്ജ്വലിച്ചോരു ചേതനയാലിന്ന്  ഞാനുമൊരുക്കി  വിഷുക്കണികൾ, ചക്കയും മാങ്ങയും വാഴപ്പഴങ്ങളും  ഓട്ടുപാത്രത്തിൽ  നിറച്ചുവച്ചു, കൊന്നപ്പൂങ്കുലയുടെ തങ്കപ്രഭയാലേ  മിന്നിത്തിളങ്ങുന്നു കൃഷ്ണനുണ്ണി, പുഞ്ചിരിതൂകും  പവിഴാധരങ്ങളിൽ  സ്നേഹത്തിൻ പഞ്ചാരപ്പാലമൃതം, ലോകമൊരുക്കും  വിഷുക്കണി കാണവെ, ഹൃത്തിൽ നിറഞ്ഞു - വാനന്ദരസം, തന്നിലെ ചൈതന്യം കണികണ്ടുണരുവാൻ  ഉൾക്കാഴ്ച പുൽകണം ധ്യാനമോടെ. 🌹🌹🌹 Dr Manoj M R.