Posts

Showing posts from July, 2021

അപ്പച്ചി

അപ്പച്ചി . ............... സ്നേഹത്തിന്റെ രുചിക്കൂട്ടുള്ള അമ്മിയിലരച്ച ചമ്മന്തി, ചോറിൻ മേലേ ഒഴിച്ചുകൂട്ടാൻ സുഗന്ധമേറും  പുളിരസവും , മീൻകറി കൂട്ടി ചോറുണ്ണുമ്പോൾ നോക്കി നിൽക്കും അപ്പച്ചി , "കുഞ്ഞേ " എന്ന വിളി കേൾക്കുമ്പോൾ  എന്നുടെയുള്ളം  നിറയുന്നു. 🌹🌹🌹🌹🌹🌹

പെരുന്നാൾ

നുറുങ്ങുകവിത. പെരുന്നാൾ . ............................. ഉപവാസത്താലേ വിശുദ്ധമായ് തീർത്തു ഞാൻ പഞ്ചഭൂതാത്മകദേഹം , ഉഗ്രതപസ്സിനാൽ ഏകാഗ്രമാക്കി ഞാൻ ചിതറിക്കിടന്നോരു ചിത്തം, ത്യാഗമാം ഭക്തിയാൽ ബലിദാനമർപ്പിച്ചു  എന്റെയഹങ്കാരഭാവം, ചൈതന്യജ്വാലയെന്നുള്ളിൽ തെളിയവെ ജീവിതമെന്നും പെരുന്നാൾ. 🌹🌹🌹🌹🌹🌹 Dr Manoj M R.

അതിരുകൾ

കവിത. അതിരുകൾ . ........................... ഭൂവിലും വിണ്ണിലും  സാഗരമദ്ധ്യത്തും  രാജ്യങ്ങൾ പങ്കിട്ടു കല്പിതസീമകൾ, ആണി തറച്ച മതിലുകളാലിന്ന് കോട്ടയൊരുക്കി നാം സ്വഭവനങ്ങളിൽ, മുള്ളുള്ള വേലിയിൽ പൂവിട്ടു വള്ളികൾ, അയലത്തു നോക്കി നാം പുഞ്ചിരി തൂകവെ, സ്നേഹത്തിൻ ഗീതങ്ങൾ പാടിനടന്നു നാം , സ്വാർത്ഥതയെന്നും  മനസ്സിൽ നിറയവെ, വീടിന്നകത്തളം  മോടികൂട്ടുമ്പോഴും  പരിധികളാലേ  സ്വകാര്യതയൂട്ടി നാം, ചിന്ത മെനയുന്ന സ്വർണ്ണക്കുമിളയിൽ അസ്വാസ്ഥ്യമോടെ നാം  നാമം ജപിക്കുന്നു. Dr Manoj M R. 🌹🌹🌹🌹🌹🌹

ഡോക്ടർ

നുറുങ്ങുകവിത. ഡോക്ടർ. ........................ ദൈവമാണു നീയെ - ന്നോതുന്നു ചിലർ, ചെകുത്താനാണു നീയെന്ന് മറ്റുചിലരും, ലോകരുടെ ഭാവനയിൽ അലയുമ്പോഴും, ആതുരന്റെ സൗഖ്യമേകുന്നു, മനസ്സിൽ സുഖമാർന്നൊരു ധന്യത. 🌹🌹🌹🌹🌹🌹 Dr Manoj M R.

അമ്മേ ദേവയാനീ

അമ്മേ ദേവയാനീ ! ................................... നവതിയാഘോഷിക്കും പൂജ്യയാം അമ്മേ ദേവയാനീ! സ്നേഹാർദ്രമാം ആ നോട്ടവും മൃദുഹാസവും എൻ ഹൃദയത്തിലെന്നും ആനന്ദത്തിൻ വസ- ന്താരാമം തീർപ്പൂ . വിശുദ്ധയാം അമ്മമരം  ഇനിയും തളിർത്തു പൂവിടട്ടേ, അസംഖ്യം പുത്രീപുത്രന്മാർ ആ സ്നേഹത്തണലിൽ രമിച്ചിടട്ടേ, സ്മരണയിലും പ്രാർത്ഥനയിലും അമ്മയൊരു കെടാ - വിളക്കായെന്നിൽ ജ്വലിച്ചുനിൽപ്പൂ , ഇതിലും നല്ലോരമ്മ കനവുകളിൽ മാത്രമേ കാണുകയുള്ളൂ. 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏 Manoj M R.