Posts

Showing posts from February, 2025

രാംലല്ല

ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞല്ലോ രാംലല്ലാ !  നിന്നുടെ ദിവ്യരൂപം , ജന്മാന്തരമായി ഞാനും കൊതിച്ചല്ലോ നിന്നുടെ ലാവണ്യം ആസ്വദിക്കാൻ, ഈ  ദിനമെങ്കിലും എത്താൻ കഴിഞ്ഞല്ലോ രാംലല്ലാ! നിന്നുടെ മുന്നിലായി, ആശിച്ച നേരത്ത- യോധ്യയിലെത്തുവാൻ തടസ്സങ്ങളെത്രയോ താണ്ടി ഞാനും, കൊട്ടാരംപോലെ നിൻ അമ്പലമെങ്കിലും നിസ്വർ നിനക്കെന്നും പ്രിയമുള്ളവർ, നിൻ്റെ പ്രഭാവത്താൽ ഈ ക്ഷേത്രഭൂമിയും പാവങ്ങൾക്കെന്നെന്നും ജന്മഗൃഹം, അഞ്ചു വയസ്സുള്ള ബാലകരാമാ ! നിൻ തിരുമുഖം കാണുവാ- നെന്തഴക്, കളങ്കമില്ലാത്ത നിൻ  പുഞ്ചിരി കാണവെ  ഹൃദയത്തിലാനന്ദ - ത്തിരയിളക്കം, നിൻ കടക്കണ്ണിലെ കുട്ടിക്കുറുമ്പിലും കാരുണ്യഭാവം മറഞ്ഞിരിപ്പൂ , നിൻ കവിളിണയിലെ അരുണിമ കാണവെ ചെന്താമരപ്പൂക്കൾ ഓർമ്മ വന്നു, നിൻ കൈയ്യിലേന്തിയ ധനുസ്സും ശരങ്ങളും സംരക്ഷണത്തിൻ്റെ മുദ്രയല്ലേ, നിന്നെ സ്മരിച്ചാലും നിന്നെ ഭജിച്ചാലും മാനസമെപ്പോഴും ധീരമാകും, തുളസിദാസനായി നിൻ കഥ ചൊല്ലുവാൻ സാഹിത്യമില്ലല്ലോ എൻ മനസ്സിൽ, ത്യാഗരാജനായി നിന്നെ പ്രകീർത്തിക്കാൻ സംഗീതമില്ലല്ലോ എന്റെ ഹൃത്തിൽ, എങ്കിലും രാഘവാ !  നിൻ  നാമം കേൾക്കുമ്പോൾ പ്രസന്നമാകുന്നു അന്തരംഗം, നിൻ നാമം ധാരയായ് ജപി...

സാരനാഥിലെ ബുദ്ധൻ

സാരനാഥിലെ എൻ ശ്രീബുദ്ധാ ! നിൻ്റെ മന്ദഹാസം  എത്ര  മധുരം, മൗനം ഭജിക്കുന്ന ശ്രീബുദ്ധാ ! നിൻ്റെ നയനങ്ങൾ  എത്ര  വിശുദ്ധം, ഇമകളടച്ചു നീ  ധ്യാനിച്ചിരിക്കുമ്പോൾ കനവുകളുണ്ടോ മനസ്സിൽ, രാഹുലപുത്രൻ്റെ ജീവിതമെന്തെന്ന ആകാംക്ഷയുണ്ടോ മനസ്സിൽ,  സത്യം തിരഞ്ഞു നീ അലയുന്ന വേളയിൽ മറക്കുവാനായോ നിൻ പത്നിയെ, ഒന്നിച്ചു പുൽകിയ സുന്ദര നിമിഷങ്ങൾ ഓർമ്മിച്ചു വെന്തുവോ  ഹൃദയം? മഞ്ഞു പെയ്യുന്ന മര ച്ചുവട്ടിൽ  രാത്രിയെ ങ്ങനെ കിടന്നു നീ ഏകനായ്, ഉള്ളം മഥിക്കുന്ന വേദനയിൽ രാത്രിയെങ്ങനെ ഉറങ്ങി നീ സ്വസ്ഥനായ്? നിരഞ്ജനാതീരത്തെ ആൽമരച്ചോട്ടിൽ നീ ധന്യത പുൽകിയ  നിമിഷം, നിത്യദുഃഖത്തിന്  ശാശ്വതപരിഹാരം ഉള്ളിൽ തെളിഞ്ഞോ  നിനക്ക് ? സാരനാഥിലെ നിൻ ആദ്യപ്രബോധനം മനുഷ്യ മനസ്സിൽ തളിർത്തു, ആയിരമായിരം വർഷം കഴിഞ്ഞിട്ടും സുഗന്ധം പരത്തുന്നു നിത്യം, മതവൈരത്താലെ തകർത്തു നിൻ  ശില്പവും പിന്നീടു വന്ന  മനുഷ്യർ, അവരോടു പോലും ക്ഷമിക്കുന്ന കാരുണ്യം നിൻ ഹൃദയത്തിൽ ഉദിപ്പൂ , അറ്റുപോയ് നിന്നുടെ ചെവിയും വിരൽത്തുമ്പും, തോളുകൾ പൊട്ടി - ത്തകർന്നു, എങ്കിലും നിന്നുടെ  വദനത്തിലെപ്പോഴും പരമമാം ശാന്തി ...

കുംഭമേള

ആകാശയാത്രയിൽ ദേവകളറിയാതെ അമൃതകുംഭമല്പം ചരിഞ്ഞു പോയി പാലാഴി കടഞ്ഞു ലഭിച്ച സുധയിലെ ഒരു കണം മെല്ലെ തുളുമ്പി വീണു വീണയിടമൊരു യാഗഭൂമിയായി പ്രയാഗ എന്നു പ്രസിദ്ധമായി, ആത്മ സഞ്ചാരികൾ അമൃതം ഭുജിക്കുവാൻ പോകാൻ കൊതിക്കുന്ന ഭൂമിയായി, പീയൂഷഗന്ധത്താൽ ആകൃഷ്ടരായിട്ട് യമുനയും ഗംഗയും ഒഴുകിയെത്തി, പരിശുദ്ധനദിയാം സരസ്വതി മുന്നാലെ പൂഴിക്കടിയിൽ പതുങ്ങിയെത്തി, മൂന്നുപുഴകളും  സംഗമിച്ചീടുന്ന പ്രയാഗതീർത്ഥം പവിത്രമായി കർമ്മവും ഭക്തിയും ജ്ഞാനമാർഗ്ഗങ്ങളും ഒന്നായിത്തീരുന്ന ബിന്ദുപോലെ സത്വരജസ്സും  തമസ്സും ഗുണങ്ങളായ് മാനസനദിയാ - യൊഴുകുമ്പോലെ, പ്രയാഗരാജിൽ നദികളൊഴുകുന്നു സ്നാനഘട്ടങ്ങൾ ക്കരികിലൂടെ സംഗമത്തിൽ മുങ്ങി മോക്ഷമണഞ്ഞിടാം, മാലോകരെല്ലാം  കരുതിടുന്നു, ഒപ്പം ഋഷികളെ വന്ദിച്ചു പൂജിക്കാം, അനുഗ്രഹാശിസ്സുകൾ നേടി വരാം പുണ്യകർമ്മത്തിൻ വിധികളുണ്ടെങ്കിലേ കുംഭമേളങ്ങളിൽ പങ്കുചേരൂ, ഭക്തമനസ്സുമായ് പങ്കെടുത്തെങ്കിലേ സായൂജ്യമുള്ളിൽ തിരയടിക്കൂ ഹൃദയസരസ്സിൽ കുളിച്ചു നിവരുമ്പോൾ ആന്തരികമാകും കുംഭമേള  ശുദ്ധ ബോധത്തിൽ കുളിച്ചാലോ , മാനസം അമൃതകണത്തിൻ  രുചിയറിയും ആത്മജ്ഞാനത്തിൻ്റെ അറിവു ഭുജിച്ചാലേ ധന്യതയുള്ളിൽ സ്ഫുരിക്...

വാരാണസി

ഭാരതഭൂവിലെ പുണ്യനഗരിയാം കാശിയെ കാണു വാനെത്തി  ശ്രീവിശ്വനാഥൻ്റെ പാദം പതിഞ്ഞോരു പുണ്യസ്ഥലി വാരാണസി താണ്ഡവമാടുന്ന ശൈവരൂപ- മെനിക്കെന്നും  പ്രിയങ്കര മല്ലോ ആ മഹാദേവൻ്റെ കൃപയിൽ ലയിക്കുവാൻ അഭിവാഞ്ഛയോടെ- യങ്ങെത്തി സായന്തനത്തി - ലിളംകാറ്റുമേറ്റു ഞാൻ ഗംഗതൻ തീര- ത്തിരുന്നു അലകളുയർത്തി അനുഗ്രഹിച്ചീടുന്നു ആനന്ദതുന്ദില ഗംഗ പോക്കുവെയിലിൻ്റെ ലാളനയേറ്റങ്ങ് വെട്ടിത്തിളങ്ങുന്നു ഗംഗ തിരകളിൽ തുള്ളി ക്കളിക്കുന്ന വഞ്ചിയിൽ ഉയരുന്നു  ഗായത്രിമന്ത്രം വെള്ളനിറമുള്ള നീർക്കാക്ക കൂട്ടമായ് പാറിപ്പറക്കുന്നു വാനിൽ വിസ്തൃതഗംഗയെ കാണുന്ന വേളയിൽ എത്ര വിശാലമെൻ ഹൃദയം കാലത്തെപ്പോലെ യൊഴുകും ഭഗീരഥി മനുജൻ്റെ മാനസം പോലെ, ഭൂതകാലത്തിലെ ഓർമ്മയും ഭാവിയും ഒഴുകുന്നു  സമയത്തിലൂടെ, ഗംഗയിൽ മുങ്ങുവാൻ പാപം ഹരിക്കുവാൻ ഇച്ഛിച്ചു പോകുന്നു നമ്മൾ, ഈ വാരാണസിയിൽ മുക്തിയെ പുൽകുവാൻ ആഗ്രഹിച്ചെത്തുന്നു വൃദ്ധർ, മണിഘർണ്ണികാഘട്ടിൽ കാണുന്നു വ്യക്തമാം ജീവിത വൈരുധ്യ മേളം ദു:ഖവും ഹർഷവും തെറ്റും ശരികളും കലരുന്ന ജീവിത ചിത്രം വിടരുന്ന മുഖമോടെ വാത്സല്യമോടങ്ങ് കുഞ്ഞിനെ ലാളി ക്കുമമ്മ , വർണ്ണച്ചിറകുള്ള പട്ടം പറത്തുന്നു ഉല്ലാസവാനായ ബാലൻ, അമ്പലമണിയു...

വിട ചൊല്ലുന്നേരം

വിട ചൊല്ലുന്നേരത്തെൻ ഹൃത്തിൽ തളിർക്കുന്ന ചിന്താമുകുളങ്ങൾ കാണൂ എഴുതിത്തുടങ്ങുവാൻ പ്രേരകശക്തിയായ് നിങ്ങളുണ്ടായല്ലോ കൂടെ കുത്തിക്കുറിച്ചയെൻ വരികളി ലെത്രയോ തുച്ഛം കവിത യെന്നറിയാം എങ്കിലും പിന്നിട്ട സമയങ്ങളൊക്കെയും പ്രോത്സാഹനം തന്നു നിങ്ങൾ നിങ്ങളെഴുതിയ കവിത വായിക്കാനും ഒന്നിച്ചു നിൽക്കാനുമായി ഭംഗിയുള്ളെത്രയോ കവിത വായിക്കവെ സന്തോഷമുള്ളിൽ നുരഞ്ഞു നമ്മളൊരുമിച്ച് പുസ്തകം തീർത്തനാൾ ഇന്നുമെന്നോർമ്മയിൽ നിൽപ്പൂ നിങ്ങളെല്ലാവരും അക്ഷരവീഥിയിൽ പൂക്കാലം തീർക്കും, ഉറപ്പ് നന്മകൾ നേരുന്നു, എന്നും നിങ്ങൾക്കായി പ്രാർത്ഥനയുണ്ടെൻ്റെ ഉള്ളിൽ  എഴുതിയ വാക്കുകൾ ഊർജ്ജകണങ്ങളായ് എന്നുമീ ഭൂവിൽ വസിക്കും പൂക്കളിലില്ലല്ലോ നല്ലതും ചീത്തയും, കവിതയും അതുപോലെ തന്നെ കവിതയെന്നമ്മയ്ക്ക് എല്ലാ കിടാങ്ങളും കുറിക്കും പദത്തോട് സ്നേഹം ഭാഷയെ സ്നേഹിക്കും നമ്മളെല്ലാവരും കാവ്യ കുടുംബ- ത്തിലൊന്ന് എഴുതൂ കവിതകൾ പാടൂ കവിതകൾ എല്ലാരുമൊന്നായ് രസിക്കൂ