Posts

Showing posts from October, 2021

കേരളപ്പിറവി

കവിത. കേരളപ്പിറവി. .............................. ഇന്നേ നാളിൽ പിറവിയെടുത്തു  നവയുഗകേരളസംസ്ഥാനം, ഇന്നേ നാളിൽ പ്രതിധ്വനിച്ചു സമത്വസുന്ദരഭാവനകൾ, കടലോരത്തായൊരുങ്ങി നിൽപ്പൂ  പച്ചപുതച്ചൊരു ലാവണ്യം, മലനാടുകളും പൂഞ്ചോലകളും  കനിഞ്ഞുനൽകിയ സൗന്ദര്യം, മലയാളത്തിന്നമ്മയൊരുക്കും  സാഹോദര്യപ്പുണ്യഗൃഹം, സ്നേഹത്തിൻ മൃദുനൂലാൽ കോർക്കും സംസ്കാരത്തിൻ വൈവിധ്യം, മൈത്രീഭാവന നെഞ്ചിൽ കരുതാം, ദൂരെക്കളയുക വിദ്വേഷം, ഐശ്വര്യത്തിൻ പൊൻപ്രഭയാലേ  ജ്വലിച്ചിടട്ടേ മലയാളം. 🌹🌹🌹🌹🌹🌹 Dr Manoj M R.

ആദ്യാക്ഷരം

കവിത. ആദ്യാക്ഷരം . ............................ അക്ഷയബ്രഹ്മത്തിൽ ആദ്യമുയരുന്നു ലോകത്തിനാധാരമാം പ്രണവം , വിദ്യാരംഭത്തിന്  നാവിലെഴുതുന്നു ഓം എന്ന മന്ത്രം സരസ്വതിയാൽ , ആദ്യാക്ഷരത്തിൽ തുടങ്ങുന്നു കുഞ്ഞിന്റെ ജ്ഞാനത്തിനായുള്ള തീർത്ഥയാത്ര , കണ്ടതും കേട്ടതും തൊട്ടുപഠിച്ചതും സംസാരജീവിതം  പുഷ്ടമാക്കും , ജന്മജന്മാന്തര - വിജ്ഞാനയാത്രകൾ ഓങ്കാരധ്യാനത്തിൽ വന്നടങ്ങും , അക്ഷരബ്രഹ്മമായ് വാഴുന്നനേരമേ പൂർണ്ണത പുൽകൂ മനുഷ്യജന്മം . 🌹🌹🌹🌹🌹🌹 Dr Manoj M R.

പൂജ

നുറുങ്ങുകവിത. പൂജ. ............ സർവ്വപ്രപഞ്ചവും , ഊർജ്ജപ്രസാരണി  അമ്മയാം ദേവിതൻ  നാമരൂപം , ഏഴയാം ഞാനുമാ  ലോകക്രമത്തിലെ  നിസ്സാരമാമൊരു  നീർപ്പോളയാം , എന്നിലൂടിന്നു ഞാൻ നിന്നെ നമിക്കുന്നു , ആധാരമായുള്ള ചൈതന്യമേ , പൂജയ്ക്കുവയ്ക്കുന്നു നിന്നിലെൻ മാനസം സായൂജ്യമുക്തിയെൻ വാഞ്ഛയിന്ന് . 🌹🌹🌹🌹🌹🌹 Dr Manoj M R.

വരയാടുകൾ

കവിത. വരയാടുകൾ . ............................ താഴ്വരയിലെങ്ങും നീലക്കുറിഞ്ഞിപ്പൂക്കൾ, തണുത്ത കാറ്റിലവ നർത്തനമാടുന്നു , മധു നുകരുന്നു വർണ്ണശലഭങ്ങൾ, ധ്യാനനിരതരായി തുഷാരബിന്ദുക്കൾ, ഇതൊന്നും ശ്രദ്ധിക്കാതെ മല കയറുകയാണ് വരയാടുകൾ, ഏകാഗ്രതയോടെ, ഉറച്ച ചുവടോടെ, നിഴലുകളില്ലാത്ത ആകാശത്തിലേയ്ക്ക് , അതിരുകളില്ലാത്ത  അനന്തതയിലേയ്ക്ക് . 🌹🌹🌹🌹🌹🌹 Dr Manoj M R.

മനസ്സ്

കവിത. മനസ്സ് . ................... ചിന്തയും ബുദ്ധിയും ധാരണാശക്തിയും മാനസവൈശിഷ്ട്യ - മെന്നുമെന്നും, മധുരക്കിനാക്കളും ഓർമ്മയാം പൂക്കളും സുലഭമായെന്നും വിരിയുന്നിടം, ജ്ഞാനവും ഭക്തിയും സ്നേഹവാത്സല്യവും ഹൃദയത്തിലൂറുന്ന കാരുണ്യവും, നന്മയും തിന്മയും സ്വാർത്ഥമോഹങ്ങളും  എത്രയോ ഭാവങ്ങൾ ചിത്തത്തിന്, മൃഗമാം മനുഷ്യനെ സംസ്കരിക്കുന്നതും, സത്യവും നീതിയും കാണുന്നതും , നല്ല മനുഷ്യനായ് ജീവിച്ചിടുന്നതും , എല്ലാം മനസ്സിന്റെ പുണ്യകർമ്മം. 🌹🌹🌹🌹🌹🌹 Dr Manoj M R.

ഗാന്ധിജി

നുറുങ്ങുകവിത. ഗാന്ധിജി . ..................... കാന്തിയെഴുന്നൊരാ  പുഞ്ചിരിയാലങ്ങ് ഭാരതഭൂവിനെ - യേകമാക്കി , നിസ്വരെയെന്നെന്നും  മാറോടണച്ചിട്ട്  കാരുണ്യത്താലേ  തലോടിയങ്ങ് ,  ഓരോ മനസ്സിലും  സത്യോദയത്തിന്റെ  ജ്വാല തെളിയുവാൻ  ഹേതുവായി , ആദർശശുദ്ധിതൻ  മാതൃകയായങ്ങ്  ലോകത്തിലെന്നും  വിളങ്ങിനിൽക്കും . 🌹🌹🌹🌹🌹🌹 Dr Manoj M R.