Posts

Showing posts from August, 2021

എന്റെ കണ്ണൻ

കവിത. എന്റെ കണ്ണൻ. ................................... ഇന്നെൻ മനസ്സാകും വൃന്ദാവനത്തിൽ, എൻ ശ്യാമമുകുന്ദാ! നിൻ പാദസ്പർശം, കാതോർത്തിരിക്കവെ എന്നിൽ നിറയുന്നു, തുളസിക്കതിരിന്റെ വശ്യഗന്ധം, നിന്നുടെ കാലടി മെല്ലെ പുണരുവാൻ  കാളിന്ദിയാകുന്നു എൻ ഹൃദയം, നിൻ മയിൽപ്പീലികൾ തേടിയെന്നക്ഷികൾ ഹർഷബാഷ്പത്താൽ സജലമായി, മുരളി പൊഴിക്കുന്നോ - രോങ്കാരനാദത്തിൽ  ധ്യാനനിമഗ്നമാ- യെന്റെ ചിത്തം, എന്നിൽ പ്രശാന്തി  നിറഞ്ഞു കവിയവേ അവബോധമായെന്നിൽ നില്പൂ നീയും . 🌹🌹🌹🌹🌹🌹 Dr Manoj M R.

ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ

കവിത. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ . .................................... യോഗിയായ്, സിദ്ധനായ്, അദ്വൈതബ്രഹ്മമായ്, എന്നും വിളങ്ങിയ സദ്‌ഗുരുവേ ! സർവ്വജനങ്ങൾക്കും  നേർവഴി കാട്ടുവാൻ  സത്യത്തിൻ വീഥിയിൽ ദീപമായി, രാഗതാളങ്ങളും സർവ്വകലകളും ദേവീകൃപയാലേ സിദ്ധമാക്കി, തിരുഹൃദയത്തിലെ  കാരുണ്യഗംഗയിൽ  ജന്തുക്കൾ പോലും കൃതാർത്ഥരായി, "സ്നേഹസമത്വവും വിദ്യയും ജ്ഞാനവും എല്ലാ മനുഷ്യർക്കു - മൊന്നുപോലെ " , സദ്ചിന്താരത്നങ്ങൾ എത്രയോ തന്നങ്ങ് മാനവരാശിക്ക് പാഠമാക്കാൻ . 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏 Dr Manoj M R.

ശ്രീനാരായണഗുരു

കവിത. ശ്രീനാരായണഗുരു. .................................... ബോധമാം പൂർണ്ണതയായി  വിളങ്ങവെ, മായയാം ചിത്തത്തിന്നറിവേകി സദ്ഗുരു , മാനവഹൃത്തിലെ താമസഗർത്തത്തിൽ, അൻപോടെയറിവിന്റെ  ജ്വാല തെളിച്ചങ്ങ്, സംസ്കാരചിത്തരായ്  ജീവിതം പുൽകുവാൻ  വൃത്തിയും വിദ്യയും  വേണമെന്നോതി നീ,  മാനസമെന്നെന്നും  നിർമ്മലമാക്കുവാൻ  ഭക്തിയും ജ്ഞാനവും  മാർഗ്ഗമെന്നോതി നീ, മലയാളനാട്ടിലെ  വിഭ്രാന്തചിന്ത , നിൻ നിഷ്കാമകർമ്മത്താൽ താനേ കൊഴിഞ്ഞുപോയ് , ഗുരുവിൻ വചനങ്ങ - ളിന്നും മുഴങ്ങുന്നു, ആശയലോകത്തി - ലർക്കപ്രകാശമായ് . 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏 Dr Manoj M R.

മേലൂട്ടുകാവ് സൗഹൃദവേദി

കവിത. മേലൂട്ടുകാവ് സൗഹൃദവേദി . .................................... മേലൂട്ടുകാവിലെ  ദുർഗ്ഗയമ്മേ !  ഈ സൗഹൃദവേദിയിൽ പ്രീതയാകൂ , നിന്നുടെയിച്ഛയും കനിവുമല്ലോ  എന്നിൽ പിറക്കുന്ന സർഗ്ഗചിന്ത , കഥയും കവിതയും സംഗീതവും  ഈ തിരുമുറ്റത്തു പൂത്തിടട്ടേ , മനസ്സും ഹൃദയവു - മേകമായി  ആത്മാനുഭൂതി  നുണഞ്ഞിടട്ടേ , ജ്ഞാനവും സ്നേഹവും സൗഹൃദവും  സംസ്കാരമായി വളർന്നിടട്ടേ , അമ്മേ ! നിൻ നിർമ്മല- സന്നിധിയിൽ , നല്ല മനുഷ്യർ പുലർന്നിടട്ടേ . 🌹🌹🌹🌹🌹🌹 Dr Manoj M R.

ഓണപ്പുലരി

നുറുങ്ങുകവിത. ഓണപ്പുലരി. ........................... പുലരി നവകോടിയുടുത്തു , നീഹാരം കമ്മലണിഞ്ഞു, പൂവിളിയുമായോടിയെത്തി  പൂങ്കുയിലും പൂത്തുമ്പികളും , തുമ്പപ്പൂ മിഴികൾ ചിമ്മി, അരളിപ്പൂ മന്ദഹസിപ്പൂ ,  മുക്കൂറ്റിപ്പൂവിന്നുള്ളിൽ ആഹ്ളാദം തിരതല്ലുന്നു, കദനങ്ങൾക്കവധി കൊടുത്തു , കുറ്റങ്ങൾ പൊറുത്തു ഞാനും , ഓണത്തിന്നുഷസ്സിലെന്നിൽ ആമോദപ്പെരുമഴക്കാലം . 🌹🌹🌹🌹🌹🌹 Dr Manoj M R.

സ്വാതന്ത്ര്യം

നുറുങ്ങുകവിത. സ്വാതന്ത്ര്യം. ........................... തോന്നുന്നിടത്തൊക്കെ  തോന്നുന്നപോലങ്ങ്  യാത്ര ചെയ്തീടുക - യാണോയീ സ്വാതന്ത്ര്യം , മോഹങ്ങളോരോന്നും  സാക്ഷാത്കരിച്ചിട്ട്  സുഖമായിരിക്കുക - യാണോയീ സ്വാതന്ത്ര്യം , ഉള്ളിലെ ചിന്തകൾ ആരെയും കൂസാതെ വാരിവിളമ്പുന്ന - താണോയീ സ്വാതന്ത്ര്യം , ഞാനെന്ന ഭാവത്തി - ലൊട്ടുമുടക്കാത്ത  ബോധത്തിൻ പൂർണ്ണത - യല്ലയോ സ്വാതന്ത്ര്യം. 🌹🌹🌹🌹🌹🌹 Dr Manoj M R.

പിതൃതർപ്പണം

നുറുങ്ങുകവിത. പിതൃതർപ്പണം. .............................. ഓർമ്മപ്പുഴയിൽ വർണ്ണം തൂകും  ജലപുഷ്പങ്ങൾ, പിതൃക്കൾ നിങ്ങൾ , സ്മൃതികളുണർത്തി , നാഡിയിലുറയും ഊർജ്ജകണങ്ങൾ പിതൃക്കൾ, നിങ്ങൾ , ദു:ഖത്താൽ ഞാ- നുലയുന്നേരം , വിഭ്രാന്തികളാൽ കുഴയുന്നേരം , പൗർണ്ണമിരാവിൻ നിലാവുപോലെ തൊട്ടുതലോടീ കിനാവിൽ നിങ്ങൾ കർക്കിടകത്തിൻ കറുത്തവാവിൽ  അർപ്പിക്കട്ടേ എള്ളും പൂവും, ഇഷ്ടം ചേർത്തു വിളമ്പീടട്ടേ  ചന്ദനഗന്ധം പേറും ചോറും . 🌹🌹🌹🌹🌹🌹 Dr Manoj M R.